8 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ആവശ്യപ്പെട്ടത്

ഹൈദരാബാദ്: എട്ട് വയസുകാരനെ സ്‌കൂളില്‍ നിന്ന് കടത്തിക്കൊണ്ട് പോയ 23കാരന്റെ ആവശ്യം കേട്ട് വീട്ടുകാര്‍ ഞെട്ടി. തെലങ്കാന സ്വദേശിയായ ചന്ദ്രു നായിക്ക് എന്ന കുട്ടിയെ ഓട്ടോ ഡ്രൈവര്‍ വംശി കൃഷ്ണയാണ് തട്ടിക്കൊണ്ട് പോയത്. സ്‌കൂളില്‍ നിന്നും കുട്ടിയെ തട്ടിക്കൊണ്ടു പോയ വംശി പണമോ സ്വര്‍ണ്ണമോ ഒന്നും ആയിരുന്നില്ല ആവശ്യപ്പെട്ടത്. തന്റെ കാമുകിയെ വിട്ടുനല്‍കണമെന്നായിരുന്നു ഇയാളുടെ ആവശ്യം.

അധികൃതരെ തെറ്റിധരിപ്പിച്ചാണ് ഇയാള്‍ സ്‌കൂളില്‍ നിന്നും കുട്ടിയെ കടത്തിക്കൊണ്ട് പോയത്. കാമുകിയെ ഉടന്‍ വിട്ട് നല്‍കിയില്ലെങ്കില്‍ കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതോടെ വീട്ടുകാര്‍ വിവരം പൊലീസില്‍ അറിയിച്ചു. കൃത്യസമയത്ത് പൊലീസ് ഇടപെട്ടതോടെ കുട്ടിയെ തിരികെ കിട്ടുകയായിരുന്നു. ചന്ദ്രു പഠിക്കുന്ന സ്‌കൂളിലെത്തിയ വംശി കുട്ടിയുടെ അമ്മ അപകടത്തില്‍പ്പെട്ടുവെന്നും കുട്ടിയെ കാണണമെന്നാവശ്യപ്പെട്ടുവെന്നും അധികൃതരോട് പറഞ്ഞു.

തുടര്‍ന്ന് കുട്ടിയെയും മറ്റ് രണ്ട് സഹോദരന്മാരെയും സ്‌കൂള്‍ അധികൃതര്‍ ഇയാളുടെയൊപ്പം വിട്ടയച്ചു. എന്നാല്‍ റെയില്‍വെസ്റ്റേഷനില്‍ എത്തിയ വംശി മുതിര്‍ന്ന കുട്ടികളോട് കാത്തുനില്‍ക്കാന്‍ ആവശ്യപ്പെട്ട് ചന്ദ്രുവുമായി കടന്നുകളയുകയായിരുന്നു. ഏറെ നേരം കാത്ത് നിന്നിട്ടും ഇവരെ കാണാതായതോടെ സഹോദരന്മാര്‍ സ്‌കൂളില്‍ തിരിച്ചെത്തി വിവരം പറയുകയായിരുന്നു.

തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചതോടെ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. വംശി മഹാരാഷ്ട്രയിലേയ്ക്ക് ട്രെയിനില്‍ യാത്ര ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയ പൊലീസ് റെയില്‍വേ പൊലീസിന് വിവരം നല്‍കി, പൂനെയില്‍ വച്ച് ഇയാളെ
പിടികൂടുകയായിരുന്നു. എന്നാല്‍ കുട്ടിയെ തരണമെങ്കില്‍ തന്റെ കാമുകിയെ വിട്ട് നല്‍കണമെന്ന് ഇയാള്‍ പറഞ്ഞു.

ചന്ദ്രുവിന്റെ പിതാവിന്റെ സഹോദരിയും വംശിയും തമ്മില്‍ ഏറെ നാളുകളായി പ്രണയത്തിലായിരുന്നു. എന്നാല്‍ പ്രണയം വീട്ടിലറിഞ്ഞതോടെ വംശിയെ പൊതുജന മധ്യത്തില്‍ വെച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. പെണ്‍കുട്ടിയുമായുള്ള ബന്ധം തുടരരുതെന്ന് താക്കീത് നല്‍കുകയും ചെയ്തു. ഇതാണ് കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ഇയാളെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here