മുഖ്യമന്ത്രിക്ക് 7 കോടിയുടെ ബുള്ളറ്റ് പ്രൂഫ് ബസ്

ഹൈദരാബാദ്: മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഏഴ് കോടി രൂപ വില വരുന്ന ബുള്ളറ്റ് പ്രൂഫ് ബസ് വാങ്ങാന്‍ തീരുമാനം. തെലങ്കാന ആഭ്യന്തര വകുപ്പിന്റെതാണ് തീരുമാനം.

മാവോയിസ്റ്റ് ഭീഷണിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ഔദ്യോഗിക ഭാഷ്യം. മുമ്പ് അഞ്ച് കോടി രൂപ ചെലവഴിച്ച് മെഴ്‌സിഡസ് ബെന്‍സിന്റെ ബുള്ളറ്റ് പ്രൂഫ് സംവിധാനമുള്ള ബസും ചന്ദ്രശേഖര്‍ റാവുവിന് വേണ്ടി വാങ്ങിയിരുന്നു.

കഴിഞ്ഞ ആഴ്ച സംസ്ഥാന അതിര്‍ത്തിയില്‍ പത്ത് മാവോയിസ്റ്റുകളെ സുരക്ഷവിഭാഗം വധിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിക്ക് നേരെ ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് കണക്കിലെടുത്താണ് സുരക്ഷ വര്‍ധിപ്പിക്കുന്നത്.

 

ആധുനിക സുരക്ഷ സംവിധാനങ്ങളുള്ള ബസ് മുഖ്യമന്ത്രിയുടെ സംസ്ഥാനത്തിനകത്തെ യാത്രകള്‍ക്കാണ് ഉപയോഗിക്കുക. സംസ്ഥാന റോഡ്‌സ് ആന്‍ഡ് ബില്‍ഡിങ്‌സ് വകുപ്പിന് കീഴിലാണ് മുഖ്യമന്ത്രിക്കുള്ള പുതിയ ബസ് വാങ്ങുന്നത്.

കുഴിബോംബുകളെ വരെ പ്രതിരോധിക്കുന്ന സംവിധാനമാണ് ബസില്‍ ഒരുക്കുക. ടെണ്ടറിലൂടെയാണ് ബസ് വാങ്ങുന്നത്. ഇതിനായി കമ്മിറ്റിയെ നിയോഗിച്ചു. ടെണ്ടറുകള്‍ പരിശോധിച്ച് ബസ് വാങ്ങാന്‍ മൂന്ന് മാസം വരെ എടുക്കുമെന്ന് ഗതാഗത വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here