യുഎഇയിലും മെര്‍സ് വൈറസ് ബാധ

ദുബായ് :2018 ലെ ആദ്യ മെര്‍സ് വൈറസ് ബാധ സ്ഥിരീകരിച്ച് യുഎഇ. 78 വയസ്സുള്ള ഒരു വൃദ്ധനിലാണ് മെര്‍സ് വൈറസ് ബാധ സ്ഥിരീകരിച്ചതായി യുഎഇ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ‘മിഡില്‍ ഈസ്റ്റ് റെസ്പിരേറ്ററി സിന്‍ഡ്രം കൊറോണ വൈറസ്’ അഥവാ ഒട്ടകപനി എന്നാണ് ഈ വൈറസ് അറിയപ്പെടുന്നത്. ഒട്ടകങ്ങളില്‍ നിന്നാണ് ഈ വൈറസ് പ്രധാനമായും മനുഷ്യരിലേക്ക് പകരുന്നത്.

അതുകൊണ്ട് തന്നെ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലാണ് ഈ വൈറസ് ബാധ വ്യാപകമായി കാണപ്പെടുന്നത്. ശ്വാസകോശത്തെയാണ് ഈ വൈറസ് പ്രധാനമായും ബാധിക്കുക. 2018 ല്‍ ഇതുവരെ അറബ് മേഖലയില്‍ 16 മെര്‍സ് വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 14 രോഗികളും സൗദി അറേബ്യയിലാണ്.

യുഎഇയില്‍ വൈറസ് ബാധ സ്ഥിരീകരിച്ച വൃദ്ധന് സൗദിയിലെ ഗയാതിയില്‍ ഒട്ടക ഫാം ഉണ്ടായിരുന്നു. ഇവിടെ ഇദ്ദേഹം സ്ഥിരം സന്ദര്‍ശകനായിരുന്നു. അതുകൊണ്ട് തന്നെ ഇവിടെ നിന്നാകാം ഇദ്ദേഹത്തിന് രോഗം പിടിപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. രോഗിയില്‍ നിന്നും മറ്റുള്ളവരിലേക്കും പടരാന്‍ സാധ്യതയുള്ളതിനാല്‍ വൃദ്ധന്‍ അതീവ നിരീക്ഷണത്തിലാണ്.

വൈറസ് ബാധയുടെ തുടക്കത്തില്‍ തന്നെ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തത് കൊണ്ട് തന്നെ ഇവ എളുപ്പം തിരിച്ചറിയാന്‍ സാധിക്കില്ല. പനി, ചുമ, ശ്വാസ തടസ്സം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. മൃഗങ്ങളുമായി കൂടുതല്‍ ഇടപഴകുന്നവര്‍, ശ്വാസകോശ സംബന്ധിയായ അസുഖമുള്ളവര്‍, വൃക്ക തകരാറായവര്‍ തുടങ്ങിയവരില്‍ രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here