മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തലോടി ഗവര്‍ണര്‍

തമിഴ്‌നാട്: പത്രസമ്മേളനത്തിനിടയില്‍ മാധ്യമ പ്രവര്‍ത്തകയുടെ കവിളില്‍ തലോടിയ തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് വിവാദത്തില്‍. കോളേജ് വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിന് വിധേയയാക്കിയെന്ന കേസിലെ പ്രതി പ്രൊഫസര്‍ നിര്‍മ്മല ദേവിയയുമായി ബന്ധപ്പെട്ട വിഷയത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനത്തിലാണ് സംഭവം.

ചൊവ്വാഴ്ച വൈകിട്ട് ഗവര്‍ണര്‍ വിളിച്ച് ചേര്‍ത്ത അടിയന്തര പത്രസമ്മേളനത്തില്‍ വെച്ച് ഗവര്‍ണര്‍ മുഖത്ത് തലോടിയ വിവരം മാധ്യമപ്രവര്‍ത്തക ലക്ഷ്മി സുബ്രഹ്മണ്യന്‍ തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന ബിരുദങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലൈംഗികവൃത്തിയ്ക്ക് നിര്‍മ്മലാദേവി നിര്‍ബന്ധിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഗവര്‍ണറുടെ പേരും പരാമര്‍ശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ലക്ഷ്മി സുബ്രഹ്മണ്യന്‍ ചോദ്യം ഉന്നയിച്ചപ്പോഴാണ് ഗവര്‍ണര്‍ അവരുടെ കവിളില്‍ തലോടിയത്.

‘മാധ്യമ പ്രവര്‍ത്തകയെന്ന നിലയില്‍ ശരിയായ ചോദ്യങ്ങള്‍ ചോദിക്കുക എന്നത് എന്റെ കര്‍ത്തവ്യമാണ്. ഞാന്‍ ഉത്തരമാണ് പ്രതീക്ഷിക്കുന്നത്, അല്ലാതെ കവിളില്‍ തലോടല്‍ അല്ല’. ഇപ്പോഴും അതില്‍ നിന്ന് മുക്തയായിട്ടില്ലെന്നും നിരവധി തവണ മുഖം കഴുകിയെന്നും ലക്ഷ്മിയിട്ട കുറിപ്പില്‍ പറഞ്ഞു. ലൈംഗികാരോപണവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കുശേഷമായിരുന്നു ഗവര്‍ണറുടെ നടപടി. അനുവാദമില്ലാതെ ഒരാളുടെ, പ്രത്യേകിച്ച് ഒരു സ്ത്രീയുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ലക്ഷ്മി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here