റോഡ് മുഴുവന്‍ ചോക്ലേറ്റ് പരന്നൊഴുകി

വാര്‍സോ: ചോക്ലേറ്റ് കൊണ്ടു പോവുകയായിരുന്ന ട്രക്ക് മറിഞ്ഞ് അപകടം. 12 ടണ്‍ ദ്രാവക രൂപത്തിലുളള ചോക്ലേറ്റാണ് റോഡില്‍ മറിഞ്ഞത്. ഒരു വാഹനത്തെ മറികടക്കാനുളള ശ്രമത്തിനിടെയാണ് ട്രക്ക് മറിഞ്ഞത്.

ഏതൊരു ചോക്ലേറ്റ് പ്രേമിയുടെയും ഹൃദയം തകര്‍ക്കുന്ന അപകടം നടന്നത് പോളണ്ടിലെ മോട്ടോര്‍വേയിലാണ്. ലിക്വിഡ് ചോക്ലേറ്റുമായി പോവുകയായിരുന്ന ട്രക്ക് മറിയുകയായിരുന്നു.

റോഡില്‍ ചോക്ലേറ്റ് പരന്ന് ഒഴുകിയതോടെ രണ്ട് ഭാഗത്തേക്കുമുള്ള ട്രാഫിക് ബ്ലോക്ക് ചെയ്തു. സംഭവം നടന്ന് ഉടന്‍ ചോക്ലേറ്റിലൂടെ നിരവധി വാഹനങ്ങള്‍ ഓടിച്ചു പോയതിനെ തുടര്‍ന്ന് ഏഴ് കിലോമീറ്ററിലേക്ക് ചോക്ലേറ്റ് പടരാന്‍ കാരണമായി.

അപകടത്തില്‍ കൈയൊടിഞ്ഞ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡ് വൃത്തിയാക്കുന്നവര്‍ എത്തിയപ്പോഴേക്കും ചോക്ലേറ്റ് കട്ടിയായത് പ്രവര്‍ത്തനം ദുഷ്‌കരമാക്കി.

ഉറച്ചുപോയ ചോക്ലേറ്റില്‍ ചൂടു വെള്ളം ഒഴിച്ചാണ് റോഡ് വൃത്തിയാക്കിയത്. മഞ്ഞിനേക്കാള്‍ അപകടകാരിയാണ് ചോക്ലേറ്റെന്നാണ് അധികൃതര്‍ പറയുന്നത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് റോഡ് വൃത്തിയാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here