സിപിഎമ്മിനെ കുഴയ്ക്കുന്ന ചര്‍ച്ചകള്‍

അഗര്‍ത്തല :ത്രിപുരയില്‍ ചരിത്രം തിരുത്തിയെഴുതി ബിജെപി അധികാരത്തിലേക്ക് അടുക്കുന്നു. 25 വര്‍ഷത്തെ സിപിഎമ്മിന്റെ അപരാജിത ഭരണത്തിനൊടുവിലാണ് ചരിത്രത്തിലെ തന്നെ ദയനീയ പരാജയം ഏറ്റുവാങ്ങി മണിക് സര്‍ക്കാരും സംഘവും വിടവാങ്ങാനൊരുങ്ങുന്നത്.

ഒടുവില്‍ കിട്ടുന്ന ഫല സൂചനകള്‍ അനുസരിച്ച് അറുപതംഗ അസംബ്ലിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി 41 സീറ്റില്‍ മുന്നേറുകയാണ്. സംസ്ഥാനമൊട്ടാകെ വീശിയടിച്ച കാവി ചുഴലിക്കാറ്റില്‍ സിപിഎമ്മിന്റെ ശക്തി മണ്ഡലങ്ങള്‍ വരെ കടപുഴകുന്ന കാഴ്ച്ചയാണ് ത്രിപുരയില്‍ ദൃശ്യമാകുന്നത്.

ഭരണകക്ഷിയായ സിപിഎം വെറും 17 സീറ്റുകളില്‍ മാത്രമാണ് മുന്നേറുന്നത്. എട്ടാമതും അധികാരത്തില്‍ വരാമെന്ന ഉറച്ച പ്രതീക്ഷയില്‍ മണിക് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിട്ട സിപിഎമ്മിന് കനത്ത തിരിച്ചടിയാണ് ഫലങ്ങള്‍ നല്‍കുന്നത്.

ബിജെപിയെ ചെറുത്ത് തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കണമെന്ന ത്രിപുര, പശ്ചിമ ബംഗാള്‍ സിപിഎം നേതാക്കളുടെ നിലപാടുകള്‍ ശരിവെക്കുന്നത് കൂടിയായി തിരഞ്ഞെടുപ്പ് ഫലം.

എന്നാല്‍ കേരളത്തിലെ നേതാക്കള്‍ ഈ ബാന്ധവത്തിന് എതിര് നില്‍ക്കുന്നത് മറ്റു സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ നിലനില്‍പ്പിന് തന്നെ പ്രതിസന്ധിയിലാക്കും. വരും ദിനങ്ങളില്‍ കോണ്‍ഗ്രസ് ബാന്ധവം സംബന്ധിച്ച് സിപിഎമ്മിനുള്ളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് ഈ തിരിച്ചടി തിരിതെളിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here