സ്‌കൂള്‍ ബസ് ഡ്രൈവറെ കൊലപ്പെടുത്തിയ ശേഷം ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി

ഡല്‍ഹി: സ്‌കൂള്‍ ബസ് ഡ്രൈവറെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി. ഡല്‍ഹി ഷഹ്ദരയിലാണ് സംഭവം. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു ഡ്രൈവറെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം രണ്ടംഗ സംഘം കുട്ടിയെ തട്ടിക്കൊണ്ടു പോയത്. സഹോദരിയുടെ അടുത്തിരിക്കുകയായിരുന്നു ഒന്നാം ക്ലാസുകാരന്‍. ബസില്‍ 20 ഓളം കുട്ടികളുണ്ടായിരുന്നു. ബസ് തടഞ്ഞ് നിര്‍ത്തിയ ശേഷം കുട്ടിയെ തട്ടികൊണ്ടു പോകുന്നതിന് സംഘം ശ്രമിച്ചത് പ്രതിരോധിച്ചത് കൊണ്ടാണ് ഡ്രൈവറെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് ഇരുവരും കുട്ടിയുമായി ബൈക്കില്‍ രക്ഷപ്പെട്ടു. ഇരുവരും ഹെല്‍മറ്റ് ധരിച്ചിരുന്നു. കറുത്ത നിറത്തിലുള്ള ബൈക്ക് ആയിരുന്നു അക്രമിസംഘം ഉപയോഗിച്ചതെന്നും യുപി ഭാഗത്തേക്കാണ് ഇവര്‍ പോയതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഷഹ്ദരയ്ക്ക് സമീപം സ്വകാര്യ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയെയാണ് തട്ടിക്കൊണ്ട് പോയത്. കുട്ടിയുടെ ബന്ധുക്കളോ പരിചയക്കാരോ ആവാം തട്ടിക്കൊണ്ടു പോവലിന് പിന്നിലെന്നാണ് പോലീസിന്റെ സംശയം. അതേസമയം ഇതുവരെ അക്രമി സംഘം പണമോ മറ്റെന്തെങ്കിലും ആവശ്യപ്പെട്ടോ കുട്ടിയുടെ മാതാപിതാക്കളെയോ ബന്ധുക്കളെയോ ബന്ധപ്പെട്ടില്ല. സംഭവത്തില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here