ഷുഹൈബ് വധം;രണ്ട് പേര്‍ കീഴടങ്ങി

കണ്ണൂര്‍ : യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ കീഴടങ്ങി. റിജിന്‍രാജ്, ആകാശ് എന്നിവരാണ് കീഴടങ്ങിയത്.തില്ലങ്കേരിയിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ വിനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഇരുവരും.

പുലര്‍ച്ചെയോടെ സിപിഎം പ്രാദേശിക നേതാക്കളോടൊപ്പമെത്തിയാണ് ഇരുവരും കീഴടങ്ങിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് 5 പേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരെ കണ്ണൂര്‍ എസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്ത് വരികയാണ്.

അതേസമയം കൊലപാതകം നടന്ന് 6 ദിവസമായിട്ടും ഒരാളെപോലും അറസ്റ്റ് ചെയ്യാന്‍ പൊലീസിന് ആയിട്ടില്ല. സര്‍ക്കാരിനെയും ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിയെയും ഇത് പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

അതേസമയം പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സിബിഐ വേണമെന്നും ഷുഹൈബിന്റെ പിതാവ് മുഹമ്മദ് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികളെ പിടികൂടാത്തതില്‍ സമരം ശക്തമാക്കി കോണ്‍ഗ്രസും രംഗത്തുണ്ട്. മുന്‍ മന്ത്രി കെ സുധാകരന്‍ നാളെ മുതല്‍ 48 മണിക്കൂര്‍ നിരാഹാരം തുടങ്ങാനിരിക്കുകയാണ്.

ടിപി വധകേസ് പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ മുടക്കോഴി മലയില്‍ തന്നെയാണ് ഷുഹൈബിന്റെ കൊലയാളികളും തമ്പടിച്ചതെന്ന സംശയത്തെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പെരിങ്ങാനം, മച്ചൂര്‍ മലകളില്‍ പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here