ദുരഭിമാന കൊല ;പിതാവും സഹോദരനും കസ്റ്റഡിയില്‍

ലാഹോര്‍ :പെണ്‍കുട്ടിയെ ദുരഭിമാന കൊല നടത്തിയ കേസില്‍ പിതാവും സഹോദരനും പൊലീസ് കസ്റ്റഡിയില്‍. ഇറ്റലിയില്‍ ജോലി ചെയ്തിരുന്ന പാക്കിസ്ഥാന്‍ സ്വദേശിനിയായ സനാ ചീമ എന്ന 25 വയസ്സുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഏറെ ദിവസങ്ങള്‍ക്ക് ശേഷം പെണ്‍കുട്ടിയുടെ പിതാവിനേയും സഹോദരനേയും അറസ്റ്റ് ചെയ്തത്.

ഇറ്റലിയിലെ വടക്കന്‍ പ്രദേശമായ ബ്രസിയയിലെ താമസക്കാരിയായിരുന്ന യുവതി അവധിക്ക് നാട്ടില്‍ വന്നപ്പോഴായിരുന്നു മരണം സംഭവിച്ചത്. എപ്രില്‍ മാസമായിരുന്നു മരണം സംഭവിച്ചത്. അള്‍സര്‍ ബാധിതയായി മരണമടഞ്ഞെന്നായിരുന്നു വീട്ടുകാര്‍ മറ്റുള്ളവരെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. എന്നാല്‍ പെണ്‍കുട്ടിയുടെ മരണത്തില്‍ സംശയം തോന്നിയ ചില സാമൂഹ്യ പ്രവര്‍ത്തകര്‍ കേസില്‍ ഇടപെടുകയും സംഭവത്തിന് പിന്നിലെ സത്യാവസ്ഥ വെളിച്ചത്ത് കൊണ്ടു വരുകയുമായിരുന്നു.

പൊലീസ് പിന്നീട് നടത്തിയ ഫോറന്‍സിക് പരിശോധനയില്‍ ശ്വാസം മുട്ടിയാണ് യുവതി കൊല്ലപ്പെട്ടതെന്ന് കണ്ടെത്തി. വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് സനാ സമ്മതിക്കാതിരുന്നതാണ് ദുരഭിമാന കൊലയ്ക്ക കാരണമായി സംശയിക്കപ്പെടുന്നത്. പെണ്‍കുട്ടി ഇറ്റലിയിലെ ഒരു യുവാവുമായി ഇഷ്ടത്തിലായിരുന്നു. എന്നാല്‍ ഈ വിവാഹം നടത്തിക്കൊടുക്കുവാന്‍ വീട്ടുകാര്‍ ഒരുക്കമായിരുന്നില്ല. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്. എന്നാല്‍ പൊലീസ് കസ്റ്റഡിയിലുള്ള പെണ്‍കുട്ടിയുടെ സഹോദരനും പിതാവും ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here