രണ്ട് വയസ്സുകാരന് ദാരുണ മരണം

ബംഗലൂരു :അയല്‍ക്കാര്‍ തമ്മില്‍ പട്ടിയെ ചൊല്ലിയുണ്ടായ തര്‍ക്കം രണ്ടു വയസ്സുകാരന്റെ കൊലപാതകത്തില്‍ കലാശിച്ചു. ബംഗലൂരുവിലെ സോലദേവനഹള്ളി സ്വദേശി രണ്ട് വയസ്സുകാരന്‍ വെങ്കിടേഷാണ് അയല്‍ക്കാരനായ ഈരണ്ണയുടെ കൈകളാല്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടത്.

വെങ്കിടേഷിന്റെ വീട്ടിലെ പട്ടി പല ദിവസവും ഈരണ്ണയുടെ വീട്ടില്‍ എത്തി മലമൂത്ര വിസര്‍ജ്ജനം നടത്താറുണ്ടായിരുന്നു. പരിസരം വൃത്തിക്കേടാക്കുന്നതിനെ ചൊല്ലി വെങ്കിടേഷിന്റെ മാതാപിതാക്കളുമായി ഈരണ്ണ ദിവസവും കലഹിക്കാറുണ്ടായിരുന്നു.ബുധനാഴ്ച ഉച്ചയ്ക്കും ഈരണ്ണ, വെങ്കിടേഷിന്റെ പിതാവ് ബാസവരാജുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. കലിയടങ്ങാത്ത ഈരണ്ണ കുറച്ച് മണിക്കൂറുകള്‍ക്ക് ശേഷം കുട്ടിയെ അടുത്തുള്ള കാട്ടിനുള്ളിലേക്ക് തട്ടിക്കൊണ്ട് പോയി.

ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് കാല് കൊണ്ട് കഴുത്തിന് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയേയും കൊണ്ട് ഈരണ്ണ കാട്ടിലേക്ക് പോകുന്നത് ഗ്രാമവാസികളില്‍ ചിലര്‍ കണ്ടിരുന്നു.

എന്നാല്‍ സംഭവത്തിന് ശേഷം ഒളിവില്‍ പോയ ഈരണ്ണയെ പിടികൂടാന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here