എംബിഎസിന്റെ മാതാവ് തടവിലെന്ന് വെളിപ്പെടുത്തല്‍

വാഷിങ്ടണ്‍ : സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ തന്റെ മാതാവിനെ തടവിലാക്കിയിരിക്കുകയാണെന്ന ഗുരുതര ആരോപണവുമായി അമേരിക്ക. പിതാവും സൗദി രാജാവുമായ സല്‍മാനില്‍ നിന്നും എംബിഎസ് തന്റെ മാതാവിനെ അകറ്റിനിര്‍ത്തുകയാണെന്നാണ് അമേരിക്കന്‍ ഉദ്യോഗസ്ഥ വൃന്ദത്തിന്റെ ആരോപണം.

അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഏറെ നാളത്തെ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായതെന്നും ഇവര്‍ അവകാശപ്പെടുന്നു. രണ്ട് വര്‍ഷത്തിലേറെയായി എംബിഎസിന്റെ മാതാവിനെ കിങ് സല്‍മാനില്‍ നിന്നും മാറ്റിനിര്‍ത്തിയിരിക്കുകയാണ്.

കിരീടാവകാശിയുടെ 82 കാരിയായ മാതാവ് ചികിത്സയ്ക്കായി വിദേശത്താണെന്ന ന്യായീകരണമാണ് സൗദി വൃത്തങ്ങള്‍ നല്‍കുന്നതെന്നും ഇവര്‍ പറയുന്നു. അടുത്തയാഴ്ച മുഹമ്മദ് ബിന്‍ സല്‍മാന്‍ അമേരിക്ക സന്ദര്‍ശിക്കാനിരിക്കെയാണ് ഗുരുതരമായ ആരോപണമെന്നത് ശ്രദ്ധേയമാണ്.

കിരീടാവകാശിയുടെ അമ്മയെക്കുറിച്ച് വ്യക്തമായ വിശദീകരണം നല്‍കാന്‍ സൗദി വൃത്തങ്ങള്‍ക്കാവുന്നില്ലെന്ന് ഇവര്‍ വ്യക്തമാക്കുന്നു. ചികിത്സയ്ക്കായി മാതാവിനെ മാറ്റിയതല്ലെന്നും തന്റെ ഭരണം ഉറപ്പിക്കാനുള്ള നടപടിയുടെ ഭാഗമാണിതെന്നുമാണ് ഇവര്‍ ആരോപണം ഉന്നയിക്കുന്നത്.

എന്നാല്‍ ഭാര്യയെ തന്ത്രപൂര്‍വം മാറ്റിനിര്‍ത്തുകയാണെന്ന കാര്യം രാജാവ് സല്‍മാന് അറിയില്ലെന്നും യുഎസ് ഉദ്യോഗസ്ഥ വൃന്ദം പറയുന്നു.തന്റെ ഭരണനടപടികള്‍ക്ക് അമ്മ എതിരുനില്‍ക്കുമോ എന്ന ചിന്തയാലാണ് എംബിഎസിന്റെ നടപടിയെന്ന് ഇവര്‍ ഉന്നയിക്കുന്നു.

ഭരണം പിടിക്കാനുള്ള എംബിഎസിന്റെ നീക്കത്തെ അവര്‍ എതിര്‍ത്തിരുന്നു. അര്‍ദ്ധസഹോദരന്‍ കിരീടാവകാശിയാകുന്നതിനെ തടഞ്ഞാണ് എംബിഎസ് ഭരണം പിടിച്ചതെന്നും അമേരിക്കന്‍ ഉന്നത വൃത്തങ്ങള്‍ ആരോപിച്ചു.

ഈ മാസം 20 നാണ് എംബിഎസ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നത്. അതിന് തൊട്ടുമുന്‍പുണ്ടായ വെളിപ്പെടുത്തലുകള്‍ വന്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചേക്കും.

സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യങ്ങള്‍ പ്രഖ്യാപിക്കുന്ന കിരീടാവകാശി തന്റെ മാതാവിനെ പക്ഷേ തടവിലിട്ടിരിക്കുകയാണെന്ന തരത്തില്‍ ആക്ഷേപങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. ഭരണത്തില്‍ തുടരാന്‍ എന്ത് നടപടിക്കും താന്‍ ഒരുക്കമാണെന്നതാണ് അമ്മയെ മാറ്റിനിര്‍ത്തുന്ന എംബിഎസ് നടപടി വ്യക്തമാക്കുന്നതെന്നും വാദഗതികള്‍ ഉയരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here