മലയാളി ദമ്പതികള്‍ക്ക് അബുദാബി പൊലീസിന്റെ ആദരം

അബുദാബി :വന്‍ അപകട സാധ്യത ഒഴിവാക്കി നിരവധി പേരുടെ ജീവന്‍ രക്ഷിച്ച മലയാളി ദമ്പതികള്‍ക്ക് അബുദാബി പൊലീസിന്റെ ആദരം. അബുദാബിയില്‍ ജോലി ചെയ്യുന്ന മലയാളി പ്രവാസി ദമ്പതികളായ സൂഫിയാന്‍ ഷാനവാസിനേയും ഭാര്യ ആലിയയേയുമാണ് സ്റ്റേഷനില്‍ വിളിപ്പിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ സ്‌നേഹാദരം നല്‍കിയത്.

മെയ് 3ാം തീയ്യതി അബുദാബിയില്‍ നിന്നും അല്‍ ഐനിലേക്കുള്ള വീക്കെന്‍ഡ് ട്രിപ്പിലായിരുന്നു ഈ ദമ്പതികള്‍. വൈകുന്നേരം 6 മണിയോട് അടുത്ത് അബുദാബി-അല്‍ ഐന്‍ റോഡിലുള്ള അല്‍ മഫ്‌റാഖ് പ്രദേശത്ത് കൂടി ഡ്രൈവ് ചെയ്യവേയായിരുന്നു ഷാനാവാസ് ആ കാഴ്ച്ച കണ്ടത്. ഒരു പിക്കപ്പ് വാന്‍ നടു റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്നു. റോഡില്‍ വെളിച്ചം വളരെ കുറവായിരുന്നു. പിക്കപ്പ് വാനിന് ഏതാനും മീറ്ററുകള്‍ മാത്രം അകലെ ഷാനാവാസ് കാര്‍ സഡന്‍ ബ്രേക്കിട്ട് നിര്‍ത്തി.

കാറിന് പുറത്ത് ചെന്ന് പിക്കപ്പ് വാനിലേക്ക് നോക്കിയ ദമ്പതികള്‍ ഞെട്ടി. വാനിനുള്ളില്‍ ഡ്രൈവര്‍ ചോരയൊലിപ്പിച്ച് കിടക്കുകയാണ്. അദ്ദേഹത്തിന്  ബോധമുണ്ടായിരുന്നെങ്കിലും അപകടത്തിന്റെ ആഘാതത്തില്‍ ഒന്നും സംസാരിക്കുവാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. മരണത്തോട് മല്ലിടുകയായിരുന്ന ഇദ്ദേഹത്തെ ദമ്പതികള്‍ ഉടന്‍ തന്നെ വാനില്‍ നിന്നും ഇറക്കി. ഇതിന് ശേഷം കാറിലെ അപായ ലൈറ്റ് ഓണ്‍ ചെയ്ത് മുന്നറിയിപ്പ് ബോര്‍ഡും റോഡില്‍ എടുത്തു വെച്ചു. എന്നിരുന്നാലും മറ്റ് വാഹനങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കുവാന്‍ ഇതു പര്യാപ്തമായിരുന്നില്ല. ഇതു കാരണം ഷാനാവാസ് തന്നെ റോഡില്‍ ഇറങ്ങി വാഹനങ്ങളെ തടഞ്ഞു നിര്‍ത്തി.

ഈ സമയം കൊണ്ട് ആലിയ പൊലീസ് സ്റ്റേഷനില്‍ വിളിച്ചു അപകട വിവരം അറിയിച്ചു. നിരവധി വാഹനങ്ങളെ ഷാനാവാസ് ഇത്തരത്തില്‍ തന്റെ പ്രയത്‌നം കൊണ്ട് മടക്കി അയച്ചു. വാഹനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവാക്കുവാന്‍ വേണ്ടിയായിരുന്നു ഇദ്ദേഹത്തിന്റെ ഈ പ്രവൃത്തി. സ്വന്തം ജീവന്‍ പോലും പണയം വെച്ചാണ് ഷാനാവാസ് ഈ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടത്. പല വാഹനങ്ങളും ഇഞ്ചുകള്‍ വ്യത്യാസത്തിലാണ് തനിക്ക് മുന്നില്‍ നിര്‍ത്തിയതെന്ന് ഷാനാവാസ് പറയുന്നു.

ഈ സമയത്തിനിടയില്‍ പൊലീസെത്തി സ്ഥിതി ഗതികള്‍ ഏറ്റെടുത്തു. അപകടത്തില്‍പ്പെട്ട വ്യക്തിയെ ആശുപത്രിയിലേക്ക് നീക്കിയ പൊലീസ് സംഘം ദമ്പതികളുടെ അഡ്രസ്സും ഫോണ്‍ നമ്പറും എഴുതി വാങ്ങിച്ചതിന് ശേഷം അവരെ തുടര്‍യാത്രയ്ക്ക അനുവദിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് ദമ്പതികളെ തേടി പൊലീസിന്റെ ഫോണ്‍ കോള്‍ എത്തിയത്. ഇരുവരോടും ഉടന്‍ സ്‌റ്റേഷനില്‍ ഹാജരാകുവാന്‍ പൊലീസുകാര്‍ ആവശ്യപ്പെട്ടു.

തുടര്‍ അന്വേഷണങ്ങളുടെ ഭാഗമായുള്ള വിളിയാണെന്നാണ് ദമ്പതിമാര്‍ ആദ്യം കരുതിയത്. എന്നാല്‍ സ്റ്റേഷനിലെത്തിയ ഇവര്‍ക്ക് ഗംഭീര വരവേല്‍പ്പാണ് അധികൃതര്‍ നല്‍കിയത്. ദമ്പതികളുടെ മനുഷ്യത്വം നിറഞ്ഞ പ്രവൃത്തിയെ വാനോളം പുകഴ്ത്തിയ പൊലീസ് അധികൃതര്‍ തങ്ങളുടെ സ്‌നേഹാദരമായി ഒരു ബഹുമതി പത്രവും ഇരുവര്‍ക്കും നല്‍കി.

അപകടത്തില്‍പ്പെട്ട ഡ്രൈവര്‍ സുഖമായിരിക്കുന്നതായും പൊലീസ് ഉദ്യോഗസ്ഥര്‍ ഇവരോട് പറഞ്ഞു. മുശ്‌റിഫ് മാളിലെ എത്തിസലാദ് ഓഫീസില്‍ ഡ്യൂട്ടി മാനേജറായി ജോലി ചെയ്യുകയാണ് ഷാനാവാസ്. മറീന മാളില്‍ ഫിനാന്‍സ് ആന്‍ഡ് അഡ്മിന്‍ സെക്രട്ടറിയായി ജോലി നോക്കി വരികയാണ് ആലിയ.

LEAVE A REPLY

Please enter your comment!
Please enter your name here