തൊഴില്‍-വിസ ചട്ടങ്ങള്‍ പരിഷ്‌കരിച്ച് യുഎഇ

ദുബായ് : രാജ്യത്തെ തൊഴില്‍-വിസ ചട്ടങ്ങളില്‍ നിര്‍ണ്ണായക പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തി യുഎഇ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.

തൊഴില്‍ വിസ ലഭിക്കാന്‍ മൂവായിരം ദിര്‍ഹം നിക്ഷേപിക്കണമെന്ന വ്യവസ്ഥ റദ്ദാക്കി. വിസ റദ്ദാക്കുമ്പോള്‍ തിരികെ കിട്ടുന്ന തരത്തിലായിരുന്നു ഈ നിക്ഷേപം. ഇനി മുതല്‍ ഇങ്ങനെ തുക കെട്ടിവെയ്‌ക്കേണ്ടതില്ല.

പകരം ഓരോ തൊഴിലാളിയും വാര്‍ഷിക വരിസംഖ്യയായി അറുപത് ദിര്‍ഹം അടച്ച് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാവുകയാണ് വേണ്ടത്. ഇതുവരെ നിക്ഷേപമായി സ്വീകരിച്ച പതിനാല് ബില്യണ്‍ യുഎഇ ദിര്‍ഹം തൊഴിലുടമകള്‍ക്ക് തിരികെ നല്‍കും.

കൂടാതെ വിസ കാലാവധി പൂര്‍ത്തിയായ ശേഷവും രാജ്യത്ത് തങ്ങി നടപടി നേരിടുന്നവര്‍ക്ക് തിരികെ യുഎഇയില്‍ പ്രവേശിക്കാന്‍ 2 വര്‍ഷത്തെ വിലക്കുണ്ടായിരുന്നു. എന്നാല്‍ പിഴയടച്ച് അവര്‍ക്ക് വീണ്ടും യുഎഇയില്‍ എത്താം.

തൊഴില്‍ വിസ കാലാവധി പൂര്‍ത്തിയായ ശേഷവും ജോലിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആറ് മാസത്തെ താല്‍ക്കാലിക വിസ നല്‍കും. നിലവിലുള്ള വിസയില്‍ നിന്ന് മറ്റൊരു വിസയിലേക്ക് മാറാന്‍ ഇനി രാജ്യം വിടേണ്ടതുമില്ല.

ഇതിന് പകരം സംവിധാനം രാജ്യത്ത് തന്നെ ഏര്‍പ്പെടുത്തും. യുഎഇയിലെ വിമാനത്താവളങ്ങള്‍ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്ക് നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ നേരത്തേക്ക് സൗജന്യ ട്രാന്‍സിറ്റ് വിസ അനുവദിക്കും.

96 മണിക്കൂര്‍ നേരത്തേക്കാണെങ്കില്‍ അമ്പത് ദിര്‍ഹം അടച്ചാല്‍ മതി. നിലവില്‍ ഇത് മുന്നൂറ് ദിര്‍ഹമാണ്. വിനോദ സഞ്ചാര മേഖലയെ പരിപോഷിപ്പിക്കുക ലക്ഷ്യമിട്ടാണ് പുതിയ പരിഷ്‌കാരങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here