അണ്ടര്‍ 19 ക്രിക്കറ്റ് കിരീടം ഇന്ത്യയ്ക്ക്

മൗണ്ട് മഗ്നൂയി : അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യയ്ക്ക്. ഫൈനലില്‍ ഓസ്‌ട്രേലിയെ 8 വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യ നാലാം തവണയും കിരീടത്തില്‍ മുത്തമിട്ടത്. ഇതോടെ ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ കപ്പുയര്‍ത്തുന്ന ടീമായി ഇന്ത്യ.

ഓസ്‌ട്രേലിയ ഉയര്‍ത്തിയ 217 റണ്‍സിന്റെ വിജയലക്ഷം ഇന്ത്യ 38.5 ഓവറില്‍ മറികടന്നു. 2 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 220 റണ്‍സടിച്ചു. 102 പന്തില്‍ 101 റണ്‍സുമായി പുറത്താകാതെ നിന്ന മന്‍ജോത് കല്‍റയാണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്. 3 സിക്‌സുകളും 8 ഫോറുകളും അടങ്ങുന്നതായിരുന്നു കല്‍റയുടെ തകര്‍പ്പന്‍ ഇന്നിംഗ്‌സ്.

ഹാര്‍വിക് ദേശായി 61 പന്തില്‍ 47 റണ്‍സടിച്ച് പുറത്താകാതെ നിന്നു. ശുബ്മാന്‍ ഗില്‍ 31 ഉം പൃത്ഥി ഷാ 29 ഉം റണ്‍സെടുത്തു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയയെ ഇന്ത്യ 216 ന് ചുരുട്ടിക്കെട്ടിയിരുന്നു.

76 റണ്‍സെടുത്ത ജൊനാഥന്‍ മെര്‍ലോയ്ക്ക് മാത്രമാണ് ഓസീസ് നിരയില്‍ ഇന്ത്യന്‍ ബൗളിങ്ങില്‍ ചെറുത്തുനില്‍ക്കാനായത്. ഇഷാന്‍ പോറല്‍, ശിവശിങ്, അനുകൂല്‍ റോയ്, കംലേഷ് നാഗര്‍കോടി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ശിവം മവി ഒരു വിക്കറ്റുമെടുത്തു. നേരത്തെ ലീഗ് മത്സരത്തിലും ഇന്ത്യ ഓസ്‌ട്രേലിയയെ തകര്‍ത്തിരുന്നു.

ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും തകര്‍പ്പന്‍ പ്രകടനമാണ് ടൂര്‍ണമെന്റിലുടനീളം ഇന്ത്യന്‍ പുലിക്കുട്ടികള്‍ പുറത്തെടുത്തത്. മുന്‍പ് മുഹമ്മദ് കൈഫ്, വിരാട് കോഹ് ലി. ഉന്‍മുക്ത് ചന്ദ് എന്നിവരുടെ നായകത്വത്തിലാണ് ഇന്ത്യ കിരീടം ചൂടിയത്.

ഓസ്‌ട്രേലിയ 3 തവണ കിരീടം ചൂടിയിട്ടുണ്ട്. തന്റെ പരിശീലനത്തില്‍ അണ്ടര്‍ 19 ടീമിന് കിരീടം ചൂടാനായത് മുന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വന്‍മതില്‍ രാഹുല്‍ ദ്രാവിഡിനും അഭിമാന നേട്ടമായി.

LEAVE A REPLY

Please enter your comment!
Please enter your name here