പൊലീസുകാര്‍ക്ക് പറ്റിയ അമളി

ഗാസിയാബാദ് :ഈ പൊലീസുകാര്‍ക്ക് പറ്റിയ അമളി കണ്ട് ചിരിച്ച് മറിയുകയാണ് സമൂഹ മാധ്യമങ്ങളിലെ ജനങ്ങള്‍. വാണ്ടഡ് ലിസ്റ്റ് പ്രതിയുടെ വീട്ടില്‍ നോട്ടീസ് പതിപ്പിക്കാന്‍ പോയ പൊലീസ് സംഘം യുവാവിനെയും കണ്ട് ഹായ് പറഞ്ഞു തിരിച്ചു വന്നു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് ഈ രസകരമായ സംഗതി അരങ്ങേറിയത്. ദളിത് സംഘടനയായ ഭീം അര്‍മിയുടെ ദേശീയ നേതാവായ വിനയ് രത്തന്റെ വീട്ടിലേക്കാണ് പൊലീസുകാര്‍ യുവാവിനെ പിടികൂടാനുള്ള കോടതി ഉത്തരവുമായി കടന്നു ചെന്നത്.

പിടികിട്ടാപ്പുള്ളിയാണെന്ന കോടതി ഉത്തരവിന്റെ കോപ്പി യുവാവിന്റെ വീട്ടിന് മുന്നില്‍ പൊലീസ് പതിപ്പിച്ചു .ശേഷം പ്രതിയുടെ അമ്മയുമായി സംസാരിച്ചു. ഇതിനിടയില്‍ വീട്ടിനുള്ളില്‍ നിന്നും ഒരു യുവാവ് കൂടി പുറത്തേക്ക് വന്നു. ഇത് വിനയ്‌യുടെ സഹോദരന്‍ സച്ചിന്‍ ആണെന്നാണ് മാതാവ് പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ഇത് സത്യത്തില്‍ വിനയ് ആയിരുന്നു. രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാരും മൂന്ന് കോണ്‍സ്റ്റബിള്‍മാരും അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടാന്‍ പോയത്.

എന്നാല്‍ ഇവരില്‍ ആര്‍ക്കും തന്നെ തങ്ങള്‍ അന്വേഷിക്കുന്ന പിടികിട്ടാപ്പുള്ളിയാണ്  മുന്നില്‍ നില്‍ക്കുന്നതെന്ന് മനസ്സിലാക്കാന്‍ സാധിച്ചില്ല. നാട്ടുകാര്‍ സംഭവ സമയം ഇതിന്റെ ചിത്രങ്ങളും വീഡിയോയും എടുത്ത് വെച്ചിരുന്നു. ഈ ദൃശ്യങ്ങള്‍ പിന്നീട് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കാന്‍ തുടങ്ങിയതോടെ ഉത്തര്‍പ്രദേശ് പൊലീസ് ആകെ നാണക്കേടിലായി. കഴിഞ്ഞ ശനിയാഴ്ചയാണ് ഈ രസകരമായ സംഭവം അരങ്ങേറിയത്. തിങ്കളാഴ്ച യുവാവ് കോടതിയിലെത്തി കീഴടങ്ങി. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ഈ ഗ്രാമത്തില്‍ നടന്ന ഒരു സംഘര്‍ഷത്തിനെ തുടര്‍ന്നുണ്ടായ കേസിലാണ് യുവാവ് പിടികൊടുക്കാതെ മുങ്ങി നടന്നത്. എന്നാല്‍ ഇയാളുടെ പേരില്‍ മറ്റ് കേസുകള്‍ ഒന്നും ഇല്ലാത്തതിനാല്‍ തങ്ങളുടെ കൈവശം ചിത്രങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും പൊലീസുകാര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here