ഗോരഖ്പൂരിലും ഫുല്‍പൂരിലും ബിജെപി തോറ്റു

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശില്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടന്ന ഗോരഖ്പൂര്‍, ഫുല്‍പൂര്‍ മണ്ഡലങ്ങളില്‍ ബിജെപിക്ക് കനത്ത തോല്‍വി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലമായിരുന്ന ഗോരഖ്പൂരിലും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ തട്ടകമായിരുന്ന ഫുല്‍പൂരിലും സമാജ്‌വാദി പാര്‍ട്ടി തകര്‍പ്പന്‍ വിജയം നേടി.

യോഗി ആദിത്യനാഥും, കേശവ് പ്രസാദ് മൗര്യയും രാജിവെച്ചതിനെ തുടര്‍ന്നാണ് ഇരുമണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഗോരഖ്പൂരില്‍ എസ്പി സ്ഥാനാര്‍ത്ഥി പ്രവീണ്‍ കുമാര്‍ നിഷാദ് 21,961 വോട്ടുകള്‍ക്കാണ് ബിജെപിയുടെ ഉപേന്ദ്ര ശുക്ലയെ പരാജയപ്പെടുത്തിയത്.

ഫുല്‍പൂരില്‍ എസ്പിയുടെ നാഗേന്ദ്രസിങ് പട്ടേല്‍ 59613 വോട്ടുകള്‍ക്കാണ് ബിജെപിയുടെ കൗശലേന്ദ്ര സിങ് പട്ടേലിനെ തറപറ്റിച്ചത്. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേശവ് പ്രസാദ് മൗര്യ മൂന്ന് ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് വിജയിച്ച മണ്ഡലമാണിത്.

കഴിഞ്ഞ 5 തവണ യോഗി ആദിത്യനാഥ് തുടര്‍ച്ചയായി ജയിച്ചുവന്ന ഗോരഖ്പൂരിലും ബിജെപിയെ ഞെട്ടിച്ച വിജയമാണ് എസ്പിയുടേത്. ബിജെപിയെ തകര്‍ക്കാന്‍ 25 വര്‍ഷത്തെ ശത്രുത മറന്ന് അഖിലേഷ് യാദവും ബിഎസ്പി നേതാവ് മായാവതിയും ഒന്നിക്കുകയായിരുന്നു.

പിന്‍തുണയ്ക്ക് അഖിലേഷ് യാദവ് ബിഎസ്പി അദ്ധ്യക്ഷ മായാവതിക്ക് നന്ദി രേഖപ്പെടുത്തി. അമിത ആത്മവിശ്വാസമാണ് തിരിച്ചടിക്ക് ഇടയാക്കിയതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു. ബിഹാറില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന അരരിയയിലും ബിജെപി സ്ഥാനാര്‍ത്ഥി തോറ്റു.

ഇവിടെ ആര്‍ജെഡി സ്ഥാനാര്‍ത്ഥി സര്‍ഫറാസ് ആലം 61988 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ആര്‍ജെഡിയുടെ സിറ്റിങ് സീറ്റാണിത്. പാര്‍ട്ടി എംപിയുടെ മരണത്തെതുടര്‍ന്നാണ് തെരഞ്ഞെടുപ്പ് അനിവാര്യമായി വന്നത്.

അതേസമയം നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ബിഹാറില്‍ ഒരു സീറ്റില്‍ ആര്‍ജെഡിയും ഒന്നില്‍ ബിജെപിയും വിജയിച്ചു. ബിജെപി സ്ഥാനാര്‍ത്ഥി റിങ്കി റാണിയിലൂടെ ബാബുവ മണ്ഡലം പാര്‍ട്ടി നിലനിര്‍ത്തി.

അതേസമയം ജെഹനാബാദില്‍ ജെഡിയു സ്ഥാനാര്‍ത്ഥി അഭിറാം ശര്‍മയെ 35,036 വോട്ടുകള്‍ക്ക് ആര്‍ജെഡിയുടെ കൃഷ്ണമോഹന്‍ പരാജയപ്പെടുത്തി.

കൂടുതല്‍ ചിത്രങ്ങള്‍…

LEAVE A REPLY

Please enter your comment!
Please enter your name here