സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ത്ഥി ജീവനൊടുക്കി

ഡല്‍ഹി: സിവില്‍ സര്‍വീസ് പരീക്ഷാ ഹാളില്‍ പ്രവേശനം നിഷേധിച്ച 28കാരന്‍ ആത്മഹത്യ ചെയ്തു. ഡല്‍ഹിയിലെ രാജേന്ദ്ര നഗറില്‍ ഇന്നലെയായിരുന്നു സംഭവം. വരുണ്‍ എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. വൈകി എത്തിയതിനാല്‍ വരുണിനെ അധികൃതര്‍ യു.പി.എസ്.സി (യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍) നടത്തിയ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല. ഇതില്‍ മനംനൊന്താണ് വരുണ്‍ ആത്മഹത്യ ചെയ്തത്.

‘നിയമങ്ങള്‍ നല്ലതാണ്, പക്ഷേ അല്പം കരുണയെങ്കിലും കാണിക്കണം’ എന്ന ആത്മഹത്യാക്കുറിപ്പ് എഴുതിയാണ് ഇയാള്‍ ജീവനൊടുക്കിയത്. ഞായറാഴ്ച വൈകുന്നേരം വരുണിന്റെ വീട്ടിലെത്തിയ സുഹൃത്ത് ഏറെ നേരം വിളിച്ചിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് അവര്‍ വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് വരുണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ വിവരം പൊലീസിനെ അറിയിച്ചു. പൊലീസ് എത്തി മുറിയില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു.

പരീക്ഷ എഴുതാന്‍ സാധിക്കാത്തതിനാലാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് വരുണ്‍ കുറിപ്പില്‍ പറയുന്നു. കര്‍ണാടക സ്വദേശിയായ വരുണ്‍ ഒരു വര്‍ഷമായി ഡല്‍ഹിയില്‍ വാടകവീട്ടില്‍ താമസിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഡല്‍ഹിയില്‍ താമസിക്കുന്ന വരുണിന്റെ സഹോദരിക്ക് കൈമാറി. രാജ്യത്തുടനീളം ജൂണ്‍ 3 നായിരുന്നു യു.പി.എസ്.സി സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ നടത്തിയിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here