രാഹുൽ ഗാന്ധിക്കെതിരെ ശിശു അവകാശ കമ്മീഷന്റെ നോട്ടീസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മഹാരാഷ്ട്ര ബാലാവകാശ കമ്മീഷന്റെ നോട്ടീസ്. മഹാരാഷ്ട്രയില്‍ അക്രമത്തിന് ഇരയായ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളുടെ പേര് വെളിപ്പെടുത്തിയതിനാണ് രാഹുല്‍ ഗാന്ധിക്കും ട്വിറ്ററിനും നോട്ടീസ് അയച്ചത്. അമല്‍ ജാദവ് എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ്.

കഴിഞ്ഞ ആഴ്ച മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ മേല്‍ജാതിക്കാരന്റെ കുളത്തില്‍ കുളിച്ചതിന് രണ്ട് കുട്ടികളെ ഒരു സംഘം ആളുകള്‍ വിവസ്ത്രരാക്കി മര്‍ദിച്ചിരുന്നു. ഈ സംഭവത്തില്‍ പ്രതിഷേധിച്ച് അക്രമത്തിന്റെ വിഡിയോ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. അതോടൊപ്പം ബി.ജെ.പി, ആര്‍.എസ്. എസ് അതിക്രമങ്ങള്‍ക്കുദാഹരണമാണിതെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. കുട്ടികളുടെ പേര് മറയ്ക്കാതെ ട്വീറ്റ് ചെയ്തതിനാണ് രാഹുലിന് നോട്ടീസ് അയച്ചത്.

ബാലനീതി നിയമ പ്രകാരവും പോക്‌സോ നിയമ പ്രകാരവും പ്രായപൂര്‍ത്തിയാകാത്ത ഇരകളുടെ വിവരം വെളിപ്പെടുത്താന്‍ പാടില്ല. ഇത് ലംഘിച്ചതിനാലാണ് രാഹുല്‍ ഗാന്ധിക്കും ട്വിറ്ററിനും നോട്ടീസ് അയച്ചതെന്ന് കമ്മീഷന്‍ പ്രസിഡന്റ പ്രവീണ്‍ ഗുജ്ജ് പി.ടി.ഐയോട് പറഞ്ഞു. എന്നാല്‍ ട്വീറ്റ് ചെയ്ത രാഹുലിന് നോട്ടീസ് അയച്ച ബാലാവകാശ കമ്മീഷന്‍ നടപടി അസംബന്ധമാണെന്നും കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രിയ്ക്കാണ് ഈ നോട്ടീസ് അയക്കേണ്ടതെന്നും മുംബൈ കോണ്‍ഗ്രസ്സ് നേതാവ് സഞ്ജയ് നിരുപം വിമര്‍ശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here