വിദ്യാര്‍ത്ഥിക്ക് മുന്നില്‍ മുട്ടുകുത്തി പ്രിന്‍സിപ്പാള്‍

വില്ലുപുരം: തന്റെ വിദ്യാര്‍ത്ഥിക്ക് മുന്നില്‍ പ്രിന്‍സിപ്പാള്‍ മുട്ടുകുത്തി കൈകൂപ്പുന്ന ഒരു ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. കാണുന്ന ഏവരേയും അമ്പരപ്പിക്കുന്ന ഒരു ചിത്രമാണിത്.

തമിഴ്‌നാട്ടിലെ വില്ലുപുരത്ത് നിന്നുമാണ് ഈ ചിത്രം പുറത്ത് വന്നത്. വില്ലുപുരത്തെ സര്‍ക്കാര്‍ സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ ജി. ബാലുവാണ് ചിത്രത്തില്‍ കാണുന്നത്. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് മുന്നിലാണ് ബാലു മുട്ടുകുത്തിയത്.

പതിവായി ക്ലാസില്‍ കയറാത്ത വിദ്യാര്‍ത്ഥിയാണ് ഇയാളെന്നും അതിനാല്‍ ക്ലാസില്‍ കയറാന്‍ അഭ്യര്‍ത്ഥിക്കുകയാണ് താന്‍ ചെയ്തതെന്നും ബാലു വ്യക്തമാക്കി. ജനുവരി 24ന് എടുത്ത ചിത്രം കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

താന്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ചയാളാണെന്നും വരുംതലമുറയെ നേര്‍വഴിക്ക് നടത്താനാണ് തന്റെ ശ്രമമെന്നും ബാലു പറഞ്ഞു. കുട്ടികളെ നന്നാക്കാനാണ് എന്റെ ശ്രമം. അവിടെ ഈഗോയ്ക്ക് സ്ഥാനമില്ല.

എല്ലാ അധ്യാപകരും വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുകുത്തി കൈകൂപ്പണമെന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍ വിദ്യാര്‍ത്ഥികളോട് സൗഹാര്‍ദപരമായി ഇടപെടാന്‍ അധ്യാപകര്‍ തയാറാകണമെന്നും ബാലു പറഞ്ഞു.

പതിവായി സ്‌കൂളില്‍ എത്താത്ത മിക്ക വിദ്യാര്‍ത്ഥികളുടേയും വീടുകളില്‍ എത്തി ബാലു സമാനമായ അഭ്യര്‍ത്ഥന നടത്തിയിരുന്നു. ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ വില്ലുപുരത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്നുണ്ട്.

കൂടുതലും കര്‍ഷകരുടെ മക്കളാണ് ഈ സ്‌കൂളില്‍ പഠിക്കുന്നത്. കുട്ടികളുടെ കുടുംബവമായി ബന്ധം സ്ഥാപിക്കുന്നതിന് ഇവരുടെ വീടുകളില്‍ പതിവായി സന്ദര്‍ശനം നടത്താറുണ്ട് ബാലു.

LEAVE A REPLY

Please enter your comment!
Please enter your name here