വിഷ്ണു നന്ദകുമാറിനെ കൊട്ടക് പുറത്താക്കി

കൊച്ചി : ആസിഫയുടെ ക്രൂരമായ കൊലപാതകത്തെ ന്യായീകരിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട ഉദ്യോഗസ്ഥനെ കൊട്ടക് മഹീന്ദ്ര ബാങ്കില്‍ നിന്ന് പുറത്താക്കി. കൊട്ടക് മഹീന്ദ്രയുടെ പാലാരിവട്ടം ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജര്‍ വിഷ്ണു നന്ദകുമാറിനെയാണ് തല്‍സ്ഥാനത്ത് നിന്ന് നീക്കിയത്.

ബ്രാഞ്ച് മാനേജര്‍ ജിജി ജേക്കബാണ് ഇക്കാര്യം അറിയിച്ചത്. ആസിഫയുടെ ക്രൂരഹത്യയെ വര്‍ഗീയവല്‍ക്കരിച്ചുള്ള നന്ദകുമാറിന്റെ പോസ്റ്റിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.

‘ഡിസ്മിസ് യുവര്‍ അസിസ്റ്റന്റ് മാനേജര്‍ വിഷ്ണു നന്ദകുമാര്‍’ എന്ന ഹാഷ് ടാഗിലായിരുന്നു കൊട്ടക്കിനെതിരെ പ്രതിഷേധം. കൊട്ടക് ബാങ്കിന്റെ ഫെയ്‌സ്ബുക്ക് പേജിന്റെ റേറ്റിങ് കുത്തനെ ഇടിച്ച് 1.5 ലെത്തിക്കുകയും ചെയ്തിരുന്നു.

കൂടാതെ രാവിലെ മുതല്‍ നൂറുകണക്കിനാളുകളാണ് പ്രതിഷേധവുമായി ബാങ്ക് ശാഖയിലേക്ക് വിളിച്ചത്. ഇതോടെയാണ് വിഷ്ണു നന്ദകുമാറിനെതിരെ നടപടിയെടുക്കാന്‍ ബാങ്ക് നിര്‍ബന്ധിതമായത്.

സൈബര്‍ ആക്രമണം രൂക്ഷമായതോടെ ഇയാള്‍ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്തിരുന്നു. ഇതോടെയാണ് പ്രതിഷേധം കൊട്ടകിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലേക്ക് നീണ്ടത്.

ഇവളെ എല്ലാം ഇപ്പോഴേ കൊന്നത് നന്നായി. അല്ലെങ്കില്‍ നാളെ ഇന്ത്യയ്ക്ക് എതിരെ തന്നെ ബോംബായി വന്നേനെ എന്നായിരുന്നു ഇയാളുടെ വര്‍ഗീയ കമന്റ്. 8 വയസ്സുകാരിയുടെ ദാരുണമായ കൊലപാതകത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവന്ന് രാജ്യമനസ്സാക്ഷി വിറങ്ങലിച്ചു നില്‍ക്കുമ്പോഴായിരുന്നു ഇത്തരത്തിലുള്ള പരാമര്‍ശം.

LEAVE A REPLY

Please enter your comment!
Please enter your name here