വളയം പിടിച്ച് ചരിത്രമെഴുതി സൗദി വനിതകള്‍

റിയാദ് : വിലക്ക് നീങ്ങിയതോടെ സൗദി നിരത്തില്‍ വാഹനങ്ങളുടെ വളയം പിടിച്ച് വനിതകള്‍. ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ നഗരങ്ങളിലെ റോഡുകള്‍ വനിതകളോടിക്കുന്ന വാഹനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു.

ജൂണ്‍ 24 മുതല്‍ സൗദി സ്ത്രീകള്‍ക്ക് വാഹനങ്ങളോടിക്കാമെന്ന പ്രഖ്യാപനമുണ്ടായതുമുതല്‍ ഇതിനായുള്ള തയ്യാറെടുപ്പിലായിരുന്നു ഇവര്‍. ഡ്രൈവിങ് ലൈസന്‍സ് നേടിയ സ്ത്രീകള്‍ ശനിയാഴ്ച അര്‍ധരാത്രി മുതല്‍ റോഡുകളില്‍ നിരന്നു.

ആയിരക്കണക്കിന് സ്ത്രീകളാണ് ചരിത്ര മുഹൂര്‍ത്തത്തില്‍ പങ്കാളികളായത്. സ്വദേശി വനിതകള്‍ക്ക് പുറമെ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശ വനിതകളുമുണ്ടായിരുന്നു. ആവേശത്തിമര്‍പ്പിലായിരുന്നു സ്ത്രീകള്‍.

ലൈസന്‍സുള്ള അരലക്ഷത്തോളം പേര്‍ ആദ്യദിനം വാഹനമോടിച്ചെന്നാണ് കണക്ക്. പുരുഷ പൊലീസുകാര്‍ പൂച്ചെണ്ടുകള്‍ നല്‍കി സ്ത്രീകള്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. വനിതകള്‍ വാഹനവുമായി നിരത്തിലിറങ്ങുന്നതിന് സാക്ഷ്യം വഹിക്കാന്‍ നിരവധി പേര്‍ റോഡുകള്‍ക്ക് സമീപം നിലയുറപ്പിക്കുകയും ചെയ്തിരുന്നു.

സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതിന് വിലക്കുള്ള ലോകത്തെ ഏക രാജ്യമായിരുന്നു സൗദി അറേബ്യ. വളയം പിടിക്കാനുള്ള അവകാശത്തിനായി 2011 മുതല്‍ സൗദിയില്‍ പോരാട്ടം നടക്കുന്നുണ്ട്. വുമണ്‍ ടു ഡ്രൈവ് എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള പ്രക്ഷോഭത്തില്‍ നിരവധി പേര്‍ അറസ്റ്റിലായിരുന്നു.

ഈ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നിയമപോരാട്ടവും നടന്നുവന്നിരുന്നു. അതിനിടെ കഴിഞ്ഞവര്‍ഷമാണ്, 2018 ജൂണ്‍ 24 മുതല്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കാമെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് നിര്‍ണ്ണായക പ്രഖ്യാപനം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here