ക്ലാസ്മുറികളില്‍ കണ്ടത് നടുക്കുന്ന രംഗം

മണിപ്പൂര്‍ : ഗ്രാമത്തിലെ സ്‌കൂളില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ വിദ്യാഭ്യാസ മന്ത്രി നടുങ്ങി. വിദ്യാര്‍ത്ഥികള്‍ക്ക് പകരം ആടുകള്‍ ക്ലാസ്മുറികള്‍ കയ്യടക്കിയത് കണ്ടാണ് അദ്ദേഹം അമ്പരന്നത്. മണിപ്പൂര്‍ ഖെലേഖോങ്ങിലെ സ്‌കൂളിലാണ് സംഭവമുണ്ടായത്. മയാങ്, ഇംഫാല്‍ വാബഗായ് നിയോജകമണ്ഡലങ്ങളിലെ ചില സ്‌കൂളുകളിലാണ് വിദ്യാഭ്യാസമന്ത്രി ടി രാധേശ്യാം മിന്നല്‍ സന്ദര്‍ശനം നടത്തിയത്.

ഇതിനിടെയാണ് ഖെലേഖോങ്ങിലെ സ്‌കൂളിലെത്തിയത്. വിദ്യാലയത്തില്‍ തൃപ്തികരമായ രീതിയില്‍ കുട്ടികളുടെ പ്രാതിനിധ്യമുണ്ടെന്നായിരുന്നു അദ്ധ്യാപകരുടെ വാദം. എന്നാല്‍ ക്ലാസ്മുറികളിലെത്തിയ മന്ത്രി ഞെട്ടി. കുട്ടികള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് രണ്ട് ക്ലാസ്മുറികള്‍ ആടുകള്‍ കയ്യടക്കിയിരിക്കുകയാണ്.

ആ കാഴ്ച മാത്രമല്ല മന്ത്രിയെ അമ്പരപ്പിച്ചത്. സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ പേരില്‍ യൂണിഫോമും, ഉച്ചഭക്ഷണസാധനങ്ങളും പുസ്തകങ്ങളുമെല്ലാം ലഭ്യമാക്കുന്നുണ്ട്. ഇതെല്ലാം എവിടെപ്പോകുന്നുവെന്ന് ഓര്‍ത്ത് അദ്ദേഹം ശരിക്കും നടുങ്ങി. 32 കുട്ടികള്‍ സ്‌കൂളിലുണ്ടെന്നായിരുന്നു അദ്ധ്യാപകര്‍ പറഞ്ഞത്.

എന്നാല്‍ മന്ത്രിയെത്തുമ്പോള്‍ ആകെ 2 കുട്ടികളേ ഉണ്ടായിരുന്നുള്ളൂ.
72 കുട്ടികള്‍ ഉണ്ടെന്ന് അവകാശപ്പെട്ട മറ്റൊരു വിദ്യാലയത്തില്‍ മന്ത്രിയെത്തുമ്പോള്‍ ഉള്ളത് 16 പേര്‍. ഇവിടങ്ങളിലെല്ലാം പല അദ്ധ്യാപകരും സ്‌കൂള്‍ പരിസരത്തേക്ക് പോലും വരാറില്ലെന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു കാര്യം. ഇത്തരം അദ്ധ്യാപകര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here