വ്യവസായി ആനന്ദ് അഹുജ; സോനത്തിന്റെ വരന്‍

മുംബൈ : ആഴ്ചകള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമം. ബോളിവുഡ് താരസുന്ദരി സോനം കപൂറും കാമുകന്‍ ആനന്ദ് അഹുജയും വിവാഹിതരാകുന്നുവെന്ന് ഇരുകുടുംബങ്ങളും സ്ഥിരീകരിച്ചു.

മെയ് 8 ന് മുംബൈയില്‍ സ്വകാര്യ ചടങ്ങിലായിരിക്കും വിവാഹമെന്നാണ് അറിയിപ്പ്. സംയുക്ത പ്രസ്ഥാവനയിലൂടെയാണ് കുടുംബങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിയത്. കുടുംബങ്ങളുടെ സ്വകാര്യതയെ മാനിക്കാന്‍ ഏവരും തയ്യാറാകണമെന്ന അഭ്യര്‍ത്ഥനയും ഇവര്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.

ആനന്ദ് അഹുജ ഡല്‍ഹി കേന്ദ്രീകരിച്ചുള്ള വ്യവസായിയാണ്. ഉല്‍പ്പന്ന നിര്‍മ്മാണ കമ്പനിയായ ഭെയിനിന്റെ സിഇഒയും സഹ സ്ഥാപകനുമായി പ്രവര്‍ത്തിക്കുന്നു. വെജ് നോണ്‍ വെജ് എന്ന ഷൂ വില്‍പ്പനശാലയുടെ ഉടമയാണ്.

കൂടാതെ 3000 കോടി വാര്‍ഷിക വരുമാനമുള്ള ഷാഹി എക്‌സ്‌പോര്‍ട്‌സിന്റെ മാനേജിംഗ് ഡയറക്ടറുമാണ്. അമേരിക്കന്‍ എംബസി സ്‌കൂളിലായിരുന്നു ആനന്ദിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം.

തുടര്‍ന്ന് പെന്‍സില്‍വാനിയയിലെ വാര്‍ട്ടണ്‍ സ്‌കൂളില്‍ നിന്ന് ബിരുദാനന്ദര ബിരുദം നേടി. ശേഷം അമേരിക്കയിലെ ആമസോണ്‍ കേന്ദ്രത്തില്‍ തൊഴില്‍ പരിശീലനം നേടിയാണ് ഡല്‍ഹിയിലെത്തിയത്.

തുടര്‍ന്ന് പിതാവ് ഹരീഷ് അഹുജയുടെ വ്യവസായ സംരംഭങ്ങളില്‍ സജീവമാവുകയായിരുന്നു. 2014 ലാണ് ആനന്ദ് സോനത്തെ പരിചയപ്പെടുന്നത്. നടിയുടെ സ്‌റ്റൈലിസ്റ്റായ ഫാഷന്‍ ഡിസൈനര്‍ പ്രെര്‍ണിയ ഖുറേഷി മുഖേനയായിരുന്നു ഇതെന്നാണ് വിവരം.

പരിചയപ്പെട്ട് ഒരു മാസത്തിനകം തന്നെ ആനന്ദ് സോനത്തെ വിവാഹം കഴിക്കാന്‍ താല്‍പ്പര്യമറിയിച്ചു. നാലുവര്‍ഷത്തിനിപ്പുറം ആ പ്രണയജോടികള്‍ വിവാഹിതരാവുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here