ബൊപ്പയ്യയെ പ്രോ ടേം സ്പീക്കറാക്കിയത് ചട്ടവിരുദ്ധം

ബംഗളൂരു : കര്‍ണാടക പ്രോ ടേം സ്പീക്കറായി ബിജെപി നേതാവ് ബൊപ്പയ്യയെ തെരഞ്ഞെടുത്തത് വിവാദമാകുന്നു. വിരാജ്‌പേട്ടയില്‍ നിന്നുള്ള എംഎല്‍എയായ ബൊപ്പയ്യയെ ഗവര്‍ണര്‍ വാജുഭായ് വാല ഇടക്കാല സ്പീക്കറായി നിയോഗിക്കുകയായിരുന്നു.

എംഎല്‍എയെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ അനുഭവ പരിചയമുള്ളയാളെയാണ് നിയമിക്കേണ്ടത്. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസ് എംഎല്‍എ ആര്‍ വി ദേശ്പാണ്ഡെയെയാണ് ഈ പദവിയില്‍ നിയോഗിക്കേണ്ടത്.

ഇദ്ദേഹം എട്ടാം തവണയാണ് എംഎല്‍എയാകുന്നത്. എന്നാല്‍ ബൊപ്പയ്യ മൂന്നാം തവണ മാത്രമാണ് എംഎല്‍എയായി തെരഞ്ഞെടുക്കപ്പെടുന്നത്. 2009 മുതല്‍ 2013 വരെ ബൊപ്പയ്യ സ്പീക്കറായിരുന്നു.

അക്കാലത്ത് മുഖ്യമന്ത്രി യെദ്യൂരപ്പയ്‌ക്കെതിരെ അണിനിരന്ന വിമത എംഎല്‍എമാരെ അയോഗ്യരാക്കിയതിന് സുപ്രീം കോടതിയില്‍ നിന്ന് കനത്ത തിരിച്ചടി നേരിട്ടിട്ടുണ്ട് ഇദ്ദേഹത്തിന്.

2010 ല്‍ 11 ബിജെപി എംഎല്‍എമാരെയും അഞ്ച് സ്വതന്ത്ര അംഗങ്ങളെയുമാണ് അയോഗ്യരാക്കിയത്. ഗവര്‍ണറുടെ നിര്‍ദേശം തള്ളിയായിരുന്നു നടപടി. ഇതേ തുടര്‍ന്ന് രാഷ്ട്രപതി ഭരണത്തിന് അന്നത്തെ ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് ശുപാര്‍ശ ചെയ്തു.

അയോഗ്യത കല്‍പ്പിച്ചതിനെതിരെ 11 വിമത എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിച്ചു. സ്പീക്കറുടെ നടപടി രൂക്ഷ വിമര്‍ശനത്തോടെ സുപ്രീം കോടതി റദ്ദാക്കുകയാണുണ്ടായത്.

പുലര്‍ച്ചെ 5.30 നാണ് സ്പീക്കര്‍ അന്ന് അംഗങ്ങളെ അയോഗ്യരാക്കിയത്. 117 പേരുടെ പിന്‍തുണയായിരുന്നു അന്ന് യെദ്യൂരപ്പ സര്‍ക്കാരിന് ഉണ്ടായിരുന്നത്. 11 ബിജെപി എംഎല്‍എമാരും 5 സ്വതന്ത്രരും പിന്തുണ പിന്‍വലിച്ചത് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി.

ഇതോടെ സഭയില്‍ യെദിയൂരപ്പ വിശ്വാസവോട്ട് തേടേണ്ടി വന്നു. എന്നാല്‍ വിശ്വാസപ്രമേയം അവതരിപ്പിക്കാന്‍ അദ്ദേഹം തയ്യാറായില്ല. സര്‍ക്കാരിനെ അനുകൂലിക്കുന്നവര്‍ അതെ എന്നും എതിര്‍ക്കുന്നവര്‍ അല്ല എന്നും പറഞ്ഞാല്‍ മതിയെന്നായിരുന്നു സ്പീക്കര്‍ ബൊപ്പയ്യയുടെ നിര്‍ദേശം.

എന്നാല്‍ 106 പേരുടെ പിന്‍തുണയേ ബിജെപിക്ക് ഉണ്ടായിരുന്നുള്ളൂ.113 അംഗങ്ങളുടെ പിന്‍തുണയാണ് കേവലഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്. അന്നുതന്നെ 119 എംഎല്‍എമാരെ അണിനിരത്തി പ്രതിപക്ഷം ബിജെപിയെ വിറപ്പിച്ചു. സ്പീക്കര്‍ അയോഗ്യരാക്കിയ 16 പേര്‍ ഉള്‍പ്പെടെയായിരുന്നു ഇത്.

പിന്നാലെ കോടതിയില്‍ നിന്നും ബൊപ്പയ്യയ്ക്ക് പ്രഹരമേല്‍ക്കുകയും ചെയ്തു. തടാക നവീകരണ പദ്ധതിയില്‍ ഫണ്ട് ദുര്‍വിനിയോഗം നടത്തിയെന്ന പരാതിയില്‍ ബൊപ്പയ്യയ്‌ക്കെതിരെ ലോകായുക്ത കേസെടുത്ത ചരിത്രവുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here