സ്വിസ് നിക്ഷേപമുള്ള ഇന്ത്യന്‍ കള്ളപ്പണക്കാരുടെ വിവരങ്ങള്‍ പുറത്തുവിടുമെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി : സ്വിസ് ബാങ്കുകളില്‍ പണം നിക്ഷേപിച്ചിരിക്കുന്ന ഇന്ത്യക്കാരുടെ വിവരങ്ങള്‍ 2019 സാമ്പത്തിക വര്‍ഷാവസാനത്തോടെ പുറത്തുവിടുമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍. ഇതുസംബന്ധിച്ച വിവരങ്ങള്‍ സാമ്പത്തിക വര്‍ഷാവസാനത്തോടെ ലഭിക്കും.

സ്വിസ് ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ അന്‍പത് ശതമാനത്തിന്റെ വര്‍ധനയുണ്ടായെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

2018 ജനുവരി ഒന്നുമുതല്‍ 2019 മാര്‍ച്ച് 31 വരെ നിക്ഷേപം നടത്തിയവരുടെ വിവരങ്ങള്‍ കൈമാറാന്‍ ഇന്ത്യയും സ്വിറ്റ്‌സര്‍ലണ്ടും തമ്മില്‍ ധാരണയുണ്ട്. രേഖകള്‍ കൈമാറുന്നതിന് പുതിയ സംവിധാനം തയ്യാറാക്കാന്‍ ഇരുരാജ്യങ്ങളും പലതവണ ചര്‍ച്ച നടത്തുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

സ്വിസ് ബാങ്കുകളിലെ ഇന്ത്യന്‍ നിക്ഷേപകരുടെ പൂര്‍ണ വിവരങ്ങള്‍ വെളിപ്പെടുത്തി കള്ളപ്പണം പിടിച്ചെടുക്കുമെന്നത് ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. നരേന്ദ്രമോദി ഇത് തെരഞ്ഞെടുപ്പ് സമയത്ത് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഭരണം അവസാന വര്‍ഷത്തില്‍ എത്തിനില്‍ക്കുമ്പോഴും ഇതിന് സാധിച്ചിട്ടില്ല. വിഷയത്തില്‍ കേന്ദ്രത്തിനും ബിജെപിക്കുമെതിരെ രൂക്ഷവിമര്‍ശനമുയരുന്നതിനിടെയാണ് സ്വിസ് ബാങ്കുകളില്‍ ഇന്ത്യക്കാരുടെ നിക്ഷേപം വര്‍ധിച്ചുവരികയാണെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here