ബിജെപി എംഎല്‍എ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി

ഉത്തര്‍പ്രദേശ്: ബിജെപി എംഎല്‍എ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി. ബദൗനിയിലെ ബിസൈലി മണ്ഡലത്തിലെ എംഎല്‍എ കുശാഗ്ര സാഗറിനെതിരെയാണ് എംഎല്‍എയുടെ വീട്ടുജോലിക്കാരിയുടെ മകള്‍ പരാതിയുമായി രംഗത്തെത്തിയത്. കുശാഗ്ര സാഗര്‍ വര്‍ഷങ്ങളായി തന്നെ ലൈംഗികമായി പീഡിപ്പിക്കാറുണ്ടെന്നും തനിക്ക് വിവാഹ വാഗ്ദാനം നല്‍കിയിരുന്നതായും 22 കാരിയായ യുവതി പറയുന്നു.

തനിക്ക് പ്രായ പൂര്‍ത്തിയാവുന്നതിന് മുന്‍പും കുശാഗ്ര സാഗര്‍ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്ന് യുവതി പരാതിയില്‍ ആരോപിക്കുന്നു. നീതി ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യേണ്ടിവരുമെന്നും തനിക്ക് ഭീഷണി ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. ജൂണ്‍ 17 ന് എംഎല്‍എയുടെ വിവാഹം നിശ്ചയിച്ച സാഹചര്യത്തിലാണ് പെണ്‍കുട്ടി പരാതിയുമായി രംഗത്തെത്തിയത്.

ആദ്യ തവണ മാനഭംഗപ്പെടുത്തിയപ്പോള്‍ പ്രായപൂര്‍ത്തിയായാല്‍ കുശാഗ്ര സാഗര്‍ വിവാഹം ചെയ്യുമെന്ന് കുശാഗ്രയുടെ പിതാവും മുന്‍ എംഎല്‍എയുമായ യോഗേന്ദ്ര സാഗര്‍ ഉറപ്പു നല്‍കിയതായി പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. പരാതിയില്‍ അന്വേഷണം നടത്തി വരികയാണെന്നും ഇതിനുശേഷം മാത്രമേ നടപടികളിലേക്ക് കടക്കു എന്നും പൊലീസ് സീനിയര്‍ സൂപ്രണ്ട് പ്രതികരിച്ചു. അതേസമയം, പരാതി തനിക്കെതിരായ രാഷ്ട്രീയ ഗുഡാലോചനയുടെ ഭാഗമാണെന്ന് കുശാഗ്ര സാഗര്‍ എംഎല്‍എ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here