‘ശബ്ദ മലിനീകരണത്തില്‍ വിവാഹമോചനം വേണം’

പറ്റ്‌ന : ശബ്ദമലിനീകരണം കാരണം വിവാഹമോചനം ആവശ്യപ്പെട്ട് യുവതി. ഹാജിപൂര്‍ സ്വദേശി സ്‌നേഹ സിംഗ് ആണ് പരാതിക്കാരി. സ്‌നേഹ നേരത്തെ ഇക്കാര്യം കാണിച്ച് പ്രധാനമന്ത്രിക്കും ബിഹാര്‍ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയിരുന്നു.

ഇതില്‍ നടപടിയില്ലാത്തതിനാലാണ് വിവാഹമോചനമെന്ന കടുത്ത നിലപാടുമായി യുവതി രംഗത്തെത്തിയിരിക്കുന്നത്. മതപരമായ ചടങ്ങുകളുടെ പേരില്‍ അയല്‍വാസികളില്‍ നിന്ന് എപ്പോഴും വലിയ ശബ്ദത്തില്‍ ഉച്ചഭാഷിണി പ്രയോഗം നടക്കുന്നുവെന്നാണ് യുവതിയുടെ പരാതി.

അയല്‍ക്കാരില്‍ നിന്നുള്ള ഇത്തരം നടപടികള്‍ തടയുന്നതില്‍ ഭര്‍ത്താവ് പരാജയപ്പെട്ടതിനാല്‍ വിവാഹമോചനം വേണമെന്നാണ് ആവശ്യം. മുന്‍ അന്താരാഷ്ട്ര ബാഡ്മിന്റണ്‍ താരം രാകേഷ് ആണ് സ്‌നേഹയുടെ ഭര്‍ത്താവ്. ഇവര്‍ നാല് വര്‍ഷം മുന്‍പ് പ്രണയിച്ച് വിവാഹിതരാവുകയായിരുന്നു.

രാകേഷ് അംഗപരിമിതനാണ്. മതപരമായ ചടങ്ങുകളുടെ പേരില്‍ വീടിന് സമീപത്ത് എപ്പോഴും ഉച്ചഭാഷിണികളില്‍ നിന്നുള്ള ശബ്ദ പ്രസരണമാണ്. ഇത് സഹിക്കാന്‍ വയ്യെന്നും പലകുറി അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും ഫലമില്ലെന്നും യുവതി പറയുന്നു.

മറ്റുള്ളവരെ ശല്യപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ചിലര്‍ ബോധപൂര്‍വ്വം ചെയ്യുന്നതാണെന്നും യുവതി കുറ്റപ്പെടുത്തുന്നു. തന്റെ ആവശ്യം പരിഹരിക്കുന്നതില്‍ ഭര്‍ത്താവ് പരാജയപ്പെട്ടിരിക്കുകയാണ്.

തന്റെ സുരക്ഷ ഉറപ്പുനല്‍കാന്‍ ഭര്‍ത്താവിന് സാധിക്കാത്തതിനാല്‍ അദ്ദേഹത്തോടൊപ്പം ജിവിക്കാനാകില്ലെന്നുമാണ് യുവതിയുടെ പരാതി. എന്നാല്‍ ഇവരെ പിന്‍തിരിപ്പിക്കാന്‍ ബന്ധുക്കള്‍ ശ്രമിച്ചെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല.

അതേസമയം അയല്‍ക്കാരുമായി വഴക്കിടാവുന്ന സാഹചര്യത്തിലല്ല താനെന്നാണ് രാകേഷിന്റെ നിലപാട്. വിഷയത്തില്‍ അധികൃതര്‍ക്ക് നിരവധി പരാതികള്‍ നല്‍കിയിട്ടും ഇതുവരെ ഫലം കണ്ടിട്ടില്ല. വീടിന് നേരെ കല്ലേറുണ്ടായിട്ടുപോലും പൊലീസ് നടപടിയെടുത്തില്ലെന്നും രാകേഷ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here