യുവതിയുടെ ഇരു കൈകളും തല്ലിയൊടിച്ചു

ഷാജഹാന്‍പുര്‍: ആണ്‍കുഞ്ഞിന് ജന്മം നല്‍കാത്തതിന്റെ പേരില്‍ യുവതിയുടെ ഇരുകൈകളും തല്ലിയൊടിച്ചു. മൂന്നാമതും പെണ്‍കുഞ്ഞിനെ പ്രസവിച്ച മുപ്പതുകാരി രേഖയെ ഭര്‍ത്താവ് ശൈലേന്ദ്ര കുമാറും ഭര്‍തൃവീട്ടുകാരും ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. ഉത്തര്‍പ്രദേശിലെ ബാബ്ര ഗ്രാമത്തിലാണ് സംഭവം.

എട്ട് വര്‍ഷത്തെ ദാമ്പത്യത്തിനിടെയില്‍ ഒരു ആണ്‍കുട്ടിയ്ക്ക് പോലും ജന്മം നല്‍കാത്തതിനാലാണ് രേഖയുടെ കൈകള്‍ ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് തല്ലിയൊടിച്ചതെന്ന് പൊലീസ് പറയുന്നു.

രേഖയുടെ മാതാപിതാക്കള്‍ മകളെ കാണാനെത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. രേഖയുടെ അച്ഛന്‍ പൊലീസില്‍ പരാതി നല്‍കി. യുവതിക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പൊലീസ് സൂപ്രണ്ട് സുഭാഷ് ചന്ദ്ര ശാക്യ പറഞ്ഞു.

മാര്‍ച്ച് 30 ന് രേഖയെ മര്‍ദ്ദിച്ച് കൈകള്‍ ഒടിച്ചുവെന്നും പിന്നീട് ഏപ്രില്‍ 4 ന് വീണ്ടും മര്‍ദ്ദിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. രേഖയുടെ ഭര്‍ത്താവ് ശൈലേന്ദ്ര കുമാര്‍, സഹോദരന്‍ ജിതേന്ദ്ര കുമാര്‍, പിതാവ് ദത്താരാം, അമ്മ രേഷ്മ ദേവി എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here