ബ്ലാക്ക് മെയില്‍ യുവതിയെ പൊലീസ് തിരയുന്നു

ബംഗലൂരു :ഫെയ്‌സ് ബുക്ക് വഴി ബന്ധം സ്ഥാപിച്ച് യുവാക്കളില്‍ നിന്നും പണം തട്ടുന്ന യുവതിയെ പൊലീസ് തിരയുന്നു ബംഗലൂരു സ്വദേശിനിയായ മൈത്രിയെയാണ് ബ്ലാക്ക് മെയില്‍ കേസില്‍ പൊലീസ് തിരയുന്നത്. സമൂഹ മാധ്യമങ്ങള്‍ വഴി യുവാക്കളുമായി ബന്ധം സ്ഥാപിച്ചതിന് ശേഷം, ശാരീരിക ബന്ധത്തിലേര്‍പ്പെട്ട് പണം തട്ടിയെടുക്കുന്നതാണ് യുവതിയുടെ സ്ഥിരം പരിപാടി.

ചിക്കംമംഗലൂരു സ്വദേശിയായ ഗൗരി ശങ്കര്‍ എന്ന യുവാവിന്റെ പരാതിയിലാണ് പൊലീസ് യുവതിക്കെതിരെ അന്വേഷണം ആരംഭിച്ചത്. എന്നാല്‍ അന്വേഷണത്തില്‍ യുവതി പല പുരുഷന്‍മാരേയും ഇത്തരത്തില്‍ വഞ്ചിച്ചിരുന്നതായി കണ്ടെത്തി. ബംഗലൂരുവില്‍ ഒരു ബ്യൂട്ടി പാര്‍ലര്‍ നടത്തി വന്നിരുന്ന യുവതി ഇപ്പോള്‍ ഒളിവിലാണ്.

ഒരു വര്‍ഷം മുന്‍പ് ഗൗരി ശങ്കറിനെ ഫെയ്‌സ് ബുക്ക് വഴിയാണ് യുവതി പരിചയപ്പെട്ടത്. പരിചയം പിന്നീട് ശാരീരിക ബന്ധത്തിലേക്ക് വഴിമാറി. ഇതിനിടയില്‍ മൈത്രി ഇയാളുടെ കൈയ്യില്‍ നിന്നും 4.85 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഇത് തിരിച്ച് തരാത്തതിനെ തുടര്‍ന്ന് പണത്തെ കുറിച്ച് ഗൗരിശങ്കര്‍ യുവതിയോട് തിരക്കി. എന്നാല്‍ ഒരു 5 ലക്ഷം കൂടി തന്നാല്‍ ഒരു മാസത്തിനുള്ളില്‍ മൊത്തം പണവും ഒരുമിച്ച് തരാമെന്ന് മൈത്രി ഇദ്ദേഹത്തോട് പറഞ്ഞു. എന്നാല്‍ ഇയാള്‍ ഇതിന് കൂട്ടാക്കിയില്ല. ഇതോടെ മൈത്രിയുടെ വിധം മാറി.

ഈ കാര്യം ആരോടെങ്കിലും പുറത്ത് പറഞ്ഞാല്‍ ഒരുമിച്ചുള്ള ഫോട്ടോകള്‍ പരസ്യപ്പെടുത്തി ഗൗരി്ശങ്കറിന്റെ കുടുംബം നശിപ്പിക്കുമെന്ന് യുവതി ഭീഷണിപ്പെടുത്തി. ഇതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന് മറ്റു വഴികളില്ലാതെ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ ബ്യൂട്ടി പാര്‍ലറിന് സമീപത്തുള്ള ഒരു ക്ലീനിക്കിലെ ഡോക്ടറുടെ കൈയ്യില്‍ നിന്നും 9 ലക്ഷം രൂപ കടം വാങ്ങിയിരുന്നതായി കണ്ടെത്തി.

പണം ചോദിച്ചപ്പോള്‍ ഡോക്ടറോടും യുവതി സമാനമായാണ് പെരുമാറിയത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ നിരവധി പേര്‍ ഇത്തരത്തില്‍ ചതിക്കിരയായതായി പൊലീസ് കണ്ടെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here