പിതാവിന്റെ പുനര്‍വിവാഹം തടയാന്‍ സഹോദരിമാര്‍ ആശുപത്രിയില്‍ നിന്ന് നവജാത ശിശുവിനെ മോഷ്ടിച്ചു

ഭരത്പൂര്‍: പിതാവിന്റെ പുനര്‍വിവാഹം തടയാന്‍ സഹോദരിമാര്‍ ആശുപത്രിയില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ മഥുര ജില്ലയില്‍ നിന്ന് സഹോദരിമാരായ ശിവാനി ദേവിയെയും പ്രിയങ്കാ ദേവിയെയും പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം 10നാണ് ഇരുവരും ചേര്‍ന്ന് രാജസ്ഥാനിലെ ഭരത്പൂരിലുള്ള ആശുപത്രിയില്‍ നിന്ന് നവജാതശിശുവിനെ  തട്ടിക്കൊണ്ട് പോയത്. രണ്ട് വര്‍ഷം മുമ്പ് ഇവരുടെ 12 വയസ്സുകാരനായ സഹോദരന്‍ മരിച്ചിരുന്നു. ഇതോടെ അമ്മ വിഷാദത്തിനടിമപ്പെട്ടു. ആണ്‍കുഞ്ഞിനു വേണ്ടി അച്ഛന്‍ ലക്ഷ്മണ്‍ സിങ് മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. പൂര്‍ണമായും തകര്‍ന്നുപോയ അമ്മയെ തിരികെ സ്വാഭാവിക ജീവിതത്തിലേക്ക് എത്തിക്കാനും പിതാവിനെ രണ്ടാം വിവാഹത്തില്‍ നിന്ന് പിന്തിരിപ്പിക്കാനുമാണ് ആണ്‍കുഞ്ഞിനെ തട്ടിയെടുത്തതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. ആണ്‍കുഞ്ഞിനെ ദത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല, ആശുപത്രിയില്‍ നിന്ന് കുഞ്ഞിനെ വാങ്ങാനാകുമോ എന്ന് നഴ്‌സുമാരോട് അന്വേഷിച്ചിരുന്നു. നിയമപരമായ നൂലാമാലകള്‍ കാരണം അതും നടന്നില്ല. തുടര്‍ന്നാണ് പരിചയക്കാരനായ മനീഷിന്റെ കുഞ്ഞിനെ തട്ടിയെടുക്കാന്‍ തീരുമാനിച്ചതെന്നും ഇവര്‍ വെളിപ്പെടുത്തി. കുഞ്ഞിനെ കാണാതായത് വാര്‍ത്തയായതോടെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണം ഊര്‍ജിതമായതോടെ ഇവര്‍ കുഞ്ഞിനെ റോഡരികില്‍ ഉപേക്ഷിച്ചു. കുഞ്ഞിനരികില്‍ ഒരു കുറിപ്പും വെച്ചു. ഭരത്പൂരിലെ ആശുപത്രിയില്‍ നിന്ന് കാണാതായ കുഞ്ഞാണിതെന്നും എത്രയും വേഗം പോലീസ് സ്‌റ്റേഷനിലെത്തിക്കണമെന്നും കുറിപ്പില്‍ പറയുന്നു. അതേസമയം ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ശിവാനി ദേവിയെയും പ്രിയങ്കാ ദേവിയെയും പോലീസ് തിരിച്ചറിഞ്ഞ് അന്വേഷണം തുടങ്ങിയത്. ഇവര്‍ എത്തിയ സ്‌കൂട്ടറിന്റെ നമ്പര്‍ ആശുപത്രി ജീവനക്കാരന്‍ ഓര്‍ത്തിരുന്നത് പോലീസിന് സഹായകമായി. സ്വകാര്യ സ്‌കൂളില്‍ അധ്യാപികയാണ് ശിവാനി. ബിരുദ വിദ്യാര്‍ഥിനിയാണ് പ്രിയങ്ക.

LEAVE A REPLY

Please enter your comment!
Please enter your name here