യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു

ബംഗളൂരു: രാഷ്ട്രീയ അന്തര്‍നാടകങ്ങള്‍ക്കൊടുവില്‍ കര്‍ണാടക മുഖ്യമന്ത്രിയായി ബിജെപി നേതാവ് ബി.എസ്.യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിലാണ് സത്യപ്രതിജ്ഞ നടന്നത്. ഗവര്‍ണര്‍ വാജുഭായി വാലയാണ് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തത്. 15 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ യെദ്യൂരപ്പയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

104 എംഎല്‍എമാരുടെയും ഒരു സ്വതന്ത്ര എംഎല്‍എയുടെയും പിന്തുണയാണ് ബിജെപിക്കുള്ളത്. 222 അംഗ നിയമസഭയില്‍ 113 സീറ്റാണ് ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപിക്ക് വേണ്ടത്. അതേസമയം യെദ്യൂരപ്പ മാത്രമേ ഇന്ന് സത്യപ്രതിജ്ഞ ചെയ്തുള്ളൂ.

നേരത്തെ തിരഞ്ഞെടുപ്പ് ഫലം പുറത്തു വരും മുന്‍പും വന്ന ശേഷവും മെയ് 17ന് ബെംഗളൂരു നഗരത്തിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ വച്ച് ഒരു ലക്ഷം പേരെ സാക്ഷി നിര്‍ത്തി താന്‍ സത്യപ്രതിജ്ഞ ചെയ്യും എന്നായിരുന്നു യെദ്യൂരപ്പ പ്രഖ്യാപിച്ചിരുന്നത്. ബിജെപിയുടെ സര്‍ക്കാര്‍ രൂപീകരണം സുപ്രീംകോടതി വരെ നീണ്ടതോടെ വളരെ ലളിതമായ ചടങ്ങായി സത്യപ്രതിജ്ഞ മാറുകയായിരുന്നു.

രാജ്ഭവന് പുറത്ത് വാദ്യഘോഷങ്ങളുമായി ബിജെപി പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരുന്നു. കര്‍ണാടകത്തിന്റെ 22ാം മുഖ്യമന്ത്രിയായാണ് യെദ്യൂരപ്പ അധികാരമേറ്റത്. ഇത് മൂന്നാംതവണയാണ് കര്‍ണാടക മുഖ്യമന്ത്രിയായി യെദ്യൂരപ്പ അധികാരമേല്‍ക്കുന്നത്. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ഉള്‍പ്പെടെ ബിജെപിയുടെ ദേശീയസംസ്ഥാന നേതാക്കള്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.

കോണ്‍ഗ്രസ്- ജെഡിഎസ് പ്രതിഷേധം ഭയന്ന് രാജ്ഭവന് മുന്നില്‍ വലിയ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം തനിക്ക് 117 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും അതുകൊണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് ജെഡിഎസ് നേതാവ് എച്ച്.ഡി കുമാരസ്വാമി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇത് തള്ളിയാണ് ഗവര്‍ണര്‍ യെദ്യൂരപ്പയെ ക്ഷണിച്ചത്.

എന്നാല്‍ ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ നല്‍കിയ അനുമതി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജിയുടെ പ്രധാന്യം പരിഗണിച്ച് കോടതി കേസ് പുലര്‍ച്ചെ 2.10ന് കേള്‍ക്കാന്‍ ആരംഭിച്ചത്. വിധി പറഞ്ഞത് പുലര്‍ച്ചെ 4.15നാണ്.

സത്യപ്രതിജ്ഞ മാറ്റിവയ്ക്കാന്‍ ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നടപടി. യെദ്യൂരിയപ്പയ്ക്ക് എം.എല്‍.എമാര്‍ പിന്തുണ നല്‍കുന്ന കത്ത് വെള്ളിയാഴ്ച രാവിലെ 10.30നകം ഹാജരാക്കാന്‍ അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിനോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നാളെ കേസില്‍ വീണ്ടും വാദം തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here