അനിശ്ചിതത്വത്തിന്റെ പാരമ്യതയില്‍ കര്‍ണാടക

ബംഗളൂരു : കര്‍ണാടകയില്‍ യെദ്യൂരപ്പ സര്‍ക്കാര്‍ നാളെ വിശ്വാസവോട്ടെടുപ്പ് നേരിടാനൊരുങ്ങുമ്പോള്‍ രാജ്യം ബംഗളൂരുവിലേക്ക് ഉറ്റുനോക്കുകയാണ്. യെദ്യൂരപ്പയ്ക്ക് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാകുമോ ?

നിയമപോരാട്ടത്തിലൂടെ ബിജെപിയെ വിറപ്പിച്ച കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് സര്‍ക്കാര്‍ രൂപീകരിക്കാനാകുമോ ? രാഷ്ട്രീയാനിശ്ചിതത്വത്തിന്റെ പാരമ്യതയിലാണ് കര്‍ണാടക. നാളെ വൈകീട്ട് 4 നാണ് യെദ്യൂരപ്പ വിശ്വാസവോട്ട് തേടുന്നത്.

ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച കര്‍ണാടക ഗവര്‍ണറുടെ നടപടിയെ കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തതോടെയാണ് സുപ്രധാന വിധിയുണ്ടായത്. നാളെ നടക്കാനിരിക്കുന്ന നടപടിക്രമങ്ങള്‍ ഇങ്ങനെ.

രാവിലെ 11 മണിയോടെയാകും നിയമസഭ സമ്മേളിക്കുക. ജ്യോതിഷികളുടെ നിര്‍ദേശമനുസരിച്ചാണ് യെദ്യൂരപ്പ ഏറ്റവും നല്ല മുഹൂര്‍ത്തമായി 11 മണി തെരഞ്ഞടുത്തിരിക്കുന്നത്.

ആദ്യം പ്രോടേം സ്പീക്കറെ തെരഞ്ഞെടുക്കും. തുടര്‍ന്ന് എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്യും. ഇതിനുശേഷം നാലുമണിയോടെ വോട്ടെടുപ്പ് നടക്കും. ബിജെപിക്ക് 104 അംഗങ്ങളാണുള്ളത്.

കോണ്‍ഗ്രസിന് 78 ഉം ജെഡിഎസിന് 38 ഉം അംഗങ്ങളുണ്ട്. രണ്ട് സ്വതന്ത്രരും തെരഞ്ഞെടുക്കപ്പെട്ടു. 224 അംഗ സഭയില്‍ 113 പേരുടെ പിന്‍തുണയാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം.

എന്നാല്‍ 222 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. അതിനാല്‍ 112 പേരുടെ പിന്‍തുണയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവശ്യം. നിലവിലെ സ്ഥിതിയില്‍ കോണ്‍ഗ്രസിന് 2 എംഎല്‍എമാരുടെ പിന്‍തുണ നഷ്ടമായെന്ന് റിപ്പോര്‍ട്ടുണ്ട്.

ആനന്ദ് സിങ്, പ്രതാപ് ഗൗഡ എന്നിവരാണിവര്‍. ഇവര്‍ ബിജെപിയെ പിന്‍തുണയ്ക്കുമെന്നാണ് സൂചന. അതേസമയം രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിനൊപ്പമുണ്ട്.

അങ്ങനെവരുമ്പോള്‍ കോണ്‍ഗ്രസ്- ദള്‍ സഖ്യത്തിന് 116 പേരുടെ പിന്‍തുണയാണുണ്ടാവുക. ജെഡിഎസ് അദ്ധ്യക്ഷന്‍ കുമാരസ്വാമി രണ്ട് മണ്ഡലങ്ങളില്‍ നിന്നാണ് വിജയിച്ചിരിക്കുന്നത്.

അദ്ദേഹത്തിന് ഒരു വോട്ടേ ചെയ്യാനാകൂ എന്നതിനാല്‍ സംഖ്യ 115 ലേക്കെത്തും. അപ്പോഴും ഭൂരിപക്ഷം കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് ആകയാല്‍ യെദ്യൂരപ്പ സര്‍ക്കാര്‍ വീഴും.

ബിജെപിക്ക് തങ്ങളുടെ 104 വോട്ടിനൊപ്പം രണ്ട് കോണ്‍ഗ്രസ് അംഗങ്ങളുടെ കൂടി പിന്‍തുണ ലഭിച്ചേക്കാം. അങ്ങനെയെങ്കില്‍ 106 എംഎല്‍എമാരെയേ ഒപ്പം നിര്‍ത്താനാകൂ.

കേവല ഭൂരിപക്ഷത്തിലേക്ക് 6 അംഗങ്ങളുടെ കുറവുണ്ടാകും. യെദ്യൂരപ്പ കേവലം 3 ദിവസത്തെ മുഖ്യമന്ത്രി മാത്രമാകും. എന്നാല്‍ കോണ്‍-ദള്‍ സഖ്യത്തില്‍ നിന്ന് 6 വോട്ടുകള്‍ കൂടി ചോര്‍ന്നാല്‍ ബിജെപി ഭരണം ഉറപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here