യെദിയൂരപ്പയുടെ സത്യപ്രതിജ്ഞ നാളെ

ബംഗളൂരു : ബിജെപി നിയമസഭാ കക്ഷി നേതാവ് ബിഎസ് യെദിയൂരപ്പ നാളെ രാവിലെ 9 ന് രാജ്ഭവനില്‍ സത്യപ്രതിജ്ഞ ചെയ്യും. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചതാണ് നിര്‍ണ്ണായകമായത്.

15 ദിവസത്തിനകം യെദ്യൂരപ്പ സര്‍ക്കാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണം. നിലവില്‍ ബിജെപിക്ക് 104 അംഗങ്ങളുടെ പിന്‍തുണയാണുള്ളത്. 224 അംഗ സഭയില്‍ കേവല ഭൂരിപക്ഷത്തിന് 113 അംഗങ്ങളുടെ പിന്‍തുണ വേണം.

അതേസമയം തങ്ങള്‍ക്ക് 118 അംഗങ്ങളുടെ പിന്‍തുണയുണ്ടെന്ന് കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം അവകാശപ്പെടുന്നു. കോണ്‍ഗ്രസിന് 78 ഉം ജെഡിഎസിന് 38 ഉം അംഗങ്ങളുണ്ട്. 2 സ്വതന്ത്രരും തങ്ങള്‍ക്കൊപ്പമുണ്ടെന്ന് കോണ്‍ഗ്രസ്-ദള്‍ സഖ്യം വ്യക്തമാക്കുന്നു.

അതേസമയം കുതിരക്കച്ചവടത്തിലൂടെ അധികാരം പിടിക്കാനാണ് ബിജെപി ശ്രമമെന്ന് ഇരുകക്ഷികളും ആരോപിച്ചു. എംഎല്‍എമാര്‍ക്ക് 100 കോടിരൂപയാണ് ബിജെപി വാഗ്ദാനം ചെയ്യുന്നതെന്ന് ജെഡിഎസ് അദ്ധ്യക്ഷന്‍ എച്ച് ഡി കുമാരസ്വാമി ആരോപിച്ചിരുന്നു.

സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച് നേരത്തേ യെദിയൂരപ്പ ഗവര്‍ണറെ കണ്ടു. ശേഷം കോണ്‍ഗ്രസ് ദള്‍ നേതാക്കള്‍ എംഎല്‍എമാരുമായി രാജ്ഭവനിലെത്തി ശക്തി പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍ നേതാക്കള്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് മാത്രമേ അകത്തേക്ക് പ്രവേശനം ലഭിച്ചുള്ളൂ. ബിജെപിയുടെ കുതിരക്കച്ചവടത്തിന് തടയിടാന്‍ കോണ്‍ഗ്രസും ജെഡിഎസും തങ്ങളുടെ അംഗങ്ങളെ റിസോര്‍ട്ടുകളിലേക്ക് മാറ്റിയിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here