യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു

കൊച്ചി : വീട് ആക്രമിച്ച കേസില്‍ പൊലീസ് പിടിയിലായ യുവാവ് കസ്റ്റഡിയില്‍ ചികിത്സയിലിരിക്കെ കൊല്ലപ്പെട്ടു. വരാപ്പുഴ സ്വദേശി ശ്രീജിത്താണ് (26)  മരിച്ചത്. കളമശ്ശേരി മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. അതിക്രൂരമായ പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.

എന്നാല്‍ വീട് ആക്രമണവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിലാണ് ശ്രീജിത്തിന് പരിക്കേറ്റതെന്ന്‌ പൊലീസ് പറയുന്നു. വാസുദേവന്‍ എന്നയാളുടെ വീട് തകര്‍ക്കുകയും വീട്ടിലുള്ളവരെ ആക്രമിക്കുകയും ചെയ്‌തെന്ന പരാതിയിലാണ് ശ്രീജിത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

യുവാവുള്‍പ്പെടെ 10 പേരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ആക്രമണത്തില്‍ മനംനൊന്ത് വാസുദേവന്‍ പിന്നീട് ആത്മഹത്യ ചെയ്തു. ഉത്സവവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വീട് ആക്രമണത്തില്‍ കലാശിച്ചത്. എന്നാല്‍ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോള്‍, തന്റെ ശാരീരികാവസ്ഥ മോശമാണെന്ന് ശ്രീജിത് വ്യക്തമാക്കി.

ചികിത്സ വേണമെന്ന് ആവശ്യപ്പെട്ട പ്രകാരം ഇയാളെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ വിദഗ്ധ ചികിത്സ അനിവാര്യമായി വന്നതിനാല്‍ കളമശ്ശേരിയില്‍ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

ഇവിടെ വെച്ച് യുവാവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റിരുന്നതായും മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു.

നില വഷളായി വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കപ്പെട്ട ശ്രീജിത് വൈകുന്നേരത്തോടെ മരണപ്പെട്ടു. ഇന്ന് ഉച്ചയോടെ മനുഷ്യാവകാശ കമ്മീഷന്‍ ആശുപത്രിയില്‍ ശ്രീജിത്തിനെ സന്ദര്‍ശിക്കുകയും കേസെടുക്കുകയും ചെയ്തിരുന്നു.

ശ്രീജിത്തിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ബിജെപി പറവൂരില്‍ ചൊവ്വാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍.

LEAVE A REPLY

Please enter your comment!
Please enter your name here