യുവാവ് കുത്തേറ്റ് മരിച്ചു

കൊട്ടിയം: ഭാര്യയുടെ പ്രസവത്തിനായി ഗള്‍ഫില്‍ നിന്ന് എത്തിയ യുവാവ് കുത്തേറ്റുമരിച്ചു. ആലുംമൂട് ജങ്ഷനില്‍ തിങ്കളാഴ്ച വൈകീട്ട് ആറുമണിയോടെയാണ് സംഭവം. കുരീപ്പള്ളി തൈയ്ക്കാവുമുക്ക് കുളത്തിന്‍കര മുഹമ്മദ് ഷാഫി(28)യാണ് മരിച്ചത്.

കെ.എസ്.ആര്‍.ടി.സി. അടൂര്‍ ഡിപ്പോയിലെ ഡ്രൈവറും സി.പി.എം. ആലുംമൂട് ബ്രാഞ്ച് സെക്രട്ടറിയുമായ ലാല്‍ ഉള്‍പ്പെടെ അഞ്ചുപേരുടെ പേരില്‍ കേസെടുത്തു. ഷാഫിയ്‌ക്കൊപ്പമുണ്ടായിരുന്ന മുസുമ്മുലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കൊട്ടിയം പോലീസ് കേസെടുത്തത്.

സൗദിയിലായിരുന്ന മുഹമ്മദ് ഷാഫി ഭാര്യ സുമയ്യയുടെ പ്രസവത്തിനായാണ് നാട്ടിലെത്തിയത്. ഒരാഴ്ച മുന്‍പാണ് സുമയ്യ രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ആലുംമൂട് ചന്തയ്ക്ക് സമീപം വിജനമായ പുരയിടത്തില്‍ ചിലര്‍ നടത്തുന്ന ചീട്ടുകളി മുഹമ്മദ് ഷാഫി ചോദ്യം ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

തര്‍ക്കത്തിന് ശേഷം സ്ഥലത്തുനിന്നുപോയ ഷാഫിയെ പിന്നാലെ ബൈക്കിലെത്തിയ പ്രതികള്‍ തിരികെ വിളിച്ചുകൊണ്ടുവന്ന് ആക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന മുസുമ്മുലിനെ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും അയാള്‍ ഓടി രക്ഷപ്പെട്ടു. ഹര്‍ത്താല്‍ ആയതിനാല്‍ പ്രദേശത്ത് മറ്റ് കടകളോ വാഹനങ്ങളോ ഇല്ലായിരുന്നു. സംഭവമറിഞ്ഞ് അനീഷ് എന്ന യുവാവ് എത്തിയാണ് കുത്തേറ്റുകിടന്ന മുഹമ്മദ് ഷാഫിയെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തുമ്പോഴേക്കും ഷാഫി മരിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here